Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാലാവസ്ഥാനിരീക്ഷണം നടത്തുന്ന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. മെറ്റ് ഐറാനുമായി സഹകരിച്ചാണ് കോളേജിൽ കേന്ദ്രം പ്രവർത്തിക്കുന്നത്. അയർലൻഡിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. എഐഎംഎസ്‌ഐആർ (എഐ ഫോർ മെറ്റീരിയോളജിക്കൽ സർവീസസ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് ) സെന്റർ എന്നാണ് പുതിയ കേന്ദ്രത്തിന് പേര് നൽകിയിരിക്കുന്നത്. എഐഎംഎസ്‌ഐആറിന്റെ സജ്ജീകരണത്തിനായി 5 മില്യൺ യൂറോയുടെ നിക്ഷേപമാണ് മെറ്റ് ഐറാൻ നടത്തിയിരിക്കുന്നത്.

Read More

ഡബ്ലിൻ: ഇന്ത്യക്കാരുൾപ്പെടെയുള്ള കുടിയേറ്റ വിഭാഗത്തിനെതിരെ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിഷയം പാർലമെന്റിൽ എത്തിക്കാനുള്ള ക്രാന്തി അയർലൻഡിന്റെ ശ്രമങ്ങൾ ഫലം കാണുന്നു. ഇതിന്റെ ഭാഗമായി സോഷ്യലിസ്റ്റ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റ്‌സ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ്, ഗ്രീൻസ് പാർട്ടി, ലേബർ പാർട്ടി, സിൻ ഫെയ്ൻ, ഫിൻ ഫെയ്ൽ, ഫിൻ ഗെയ്ൽ തുടങ്ങിയ പാർട്ടികളുടെ ടിഡിമാരുമായും വിവിധ സ്വതന്ത്ര ടിഡിമാരുമായും വിഷയത്തിൽ ചർച്ച നടത്തി. അടുത്തിടെ വംശീയ ആക്രമണങ്ങൾക്കെതിരെ കൂറ്റൻ പ്രതിഷേധ പ്രകടനം ഉൾപ്പെടെ വിവിധ മുന്നേറ്റങ്ങൾ ക്രാന്തി അയർലൻഡ് നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് ഈ വിജയം. വംശീയ ആക്രമണങ്ങളും ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ടിഡിമാരോട് ക്രാന്തി അയർലൻഡ് അഭ്യർത്ഥിച്ചു. അഭ്യർത്ഥനയോട് അനുകൂല പ്രതികരണം നടത്തിയ ടിഡിമാർ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം അതിശക്തമായ മഴ. ഇതേ തുടർന്ന് ഇന്നും നാളെയും വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പ്രഖ്യാപിച്ചു. അതേസമയം മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നാണ് മെറ്റ് ഐറാൻ നൽകുന്ന മുന്നറിയിപ്പ്. കാർലോ, കിൽക്കെനി, വെക്‌സ്‌ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. ഇത് അർദ്ധരാത്രി വരെ തുടരും. ഈ മണിക്കൂറുകളിൽ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ട്. കാർലോ,ഡബ്ലിൻ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലൗത്ത്, മീത്ത്, ഓഫ്‌ലേ, വെസ്റ്റ്മീത്ത്, വെക്‌സ്‌ഫോർഡ്, വിക്ലോ, കോർക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് നാളെ യെല്ലോ വാണിംഗ് ഉള്ളത്.

Read More

ഡബ്ലിൻ: ഇന്ധനവിലയിൽ വമ്പൻ ഇളവ് പ്രഖ്യാപിച്ച് സർക്കിൾ കെ. ഇന്ന് രാവിലെ ആറ് മണി മുതൽ അർദ്ധരാത്രിവരെയാണ് ഉപഭോക്താക്കൾക്ക് പെട്രോളിന് ഇളവ് ലഭിക്കുക. സർക്കിൾ കെയുടെ രാജ്യത്തെ എല്ലാ സർവ്വീസ് സ്‌റ്റേഷനുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. സർക്കിൾ കെയുടെ എക്‌സ്ട്രാ മെമ്പേഴ്‌സിനാണ് ഇന്ധനവിലയിൽ ഇളവുള്ളത്. പെട്രോളിന് 20 ശതമാനമാണ് ഓഫർ ലഭിക്കുക. ആനുകൂല്യത്തിനായി എക്‌സ്ട്രാ മെമ്പറാകാൻ സർക്കിൾ കെയുടെ ആപ്പ് വഴി സാധിക്കും. പെട്രോളിന് ഇളവ് ലഭിക്കുന്നതിന് പുറമേ റിവാർഡ് ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ അതിയായ നന്ദിയുണ്ടെന്ന് സർക്കിൾ കെ എംഡി സിയാര ഫോക്‌സ്ടൺ പറഞ്ഞു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. തങ്ങളുടെ എല്ലാ എക്‌സ്ട്രാ മെമ്പേഴ്‌സിനും ആനുകൂല്യം സ്വന്തമാക്കാമെന്നും സിയാര കൂട്ടിച്ചേർത്തു.

Read More

കോർക്ക്: കോർക്ക് ജയിലിലെ സന്ദർശകയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇന്നലെയായിരുന്നു സംഭവം. ജയിലിലെ അന്തേവാസിയെ സന്ദർശിക്കാൻ എത്തിയതായിരുന്നു സ്ത്രീ. ഇതിനിടെ ഇവരെ അന്തേവാസിയായ പ്രതി ആക്രമിക്കുകയായിരുന്നു. ആക്രമിച്ച പ്രതിയെ സ്ത്രീയ്ക്ക് പരിചയമുണ്ടെന്നാണ് പോലീസ് പറയുന്നത്. മുൻവൈരാഗ്യം ആണ് ആക്രമണത്തിന് പിന്നിൽ എന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: അയർലൻഡ് മലയാളി ശ്രീകാന്ത് സോമനാഥന്റെ സംസ്‌കാരം ഇന്ന്. ഗോട്ട്‌സ്ടൗണിലെ മൗണ്ട് ജെറോമിലാണ് സംസ്‌കാരം. മാസി ബ്രോസിലെ ഫ്യൂണറൽ ഹോമിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷമാണ് മൃതദേഹം സംസ്‌കരിക്കുക. ദീപ്തിയാണ് ശ്രീകാന്തിന്റെ ഭാര്യ. സോം ശ്രീനാഥ് മകനാണ്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരി വേട്ട. 1.2 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയായിരുന്ന സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡബ്ലിൻ 11, ഡബ്ലിൻ 15 എന്നിവിടങ്ങളിലെ വീടുകളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലായിരുന്നു കൊക്കെയ്ൻ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കൊക്കെയ്‌ന് 12 കിലോ ഗ്രാം തൂക്കം വരുമെന്നാണ് കരുതുന്നത്. ഡബ്ലിൻ 11 ൽ നടത്തിയ പരിശോധനയിൽ 8,40,000 യൂറോ വില വരുന്ന ലഹരിയാണ് പിടികൂടിയത്. ഇവിടെ നിന്നും 30 വയസ്സുകാരനെ പിടികൂടി. ഡബ്ലിൻ 15 ൽ നിന്നും 3,75,000 യൂറോ വിലവരുന്ന ലഹരിയാണ് പിടിച്ചെടുത്തത്. ഇവിടെ നിന്നും 40 വയസ്സുള്ളയാളെയും അറസ്റ്റ് ചെയ്തു.

Read More

ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ ഡൊണബേറ്റിൽ ഇന്നും പരിശോധന തുടരും. കൂടുതൽ മൃതദേഹ ഭാഗങ്ങൾക്കും മറ്റ് തെളിവുകൾക്കും വേണ്ടിയാണ് മേഖലയിൽ ഇന്നും പരിശോധന നടത്തുന്നത്. അതേസമയം ഇവിടെ നിന്നും ലഭിച്ച അസ്ഥികൾ പരിശോധനകൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. പോർട്രെയ്ൻ റോഡിന് സമീപത്തെ തുറസ്സായ സ്ഥലത്താണ് പരിശോധന തുടരുന്നത്. ഇവിടെ നിന്നും ലഭിച്ച അസ്ഥികൾ കൊറോണർ പരിശോധിച്ചുവരികയാണ്. ഇതും ഫോറൻസിക് പരിശോധനയും പൂർത്തിയായ ശേഷം അസ്ഥികൾ ഇവിടെ നിന്നും മാറ്റും. കഴിഞ്ഞ രണ്ട് ആഴ്ചയായി പ്രദേശത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. നാല് വർഷങ്ങൾക്ക് മുൻപ് കാണാതായ ഡാനിയേൽ അരൂബോസിന്റേത് ആണ് അസ്ഥികൾ എന്നാണ് നിഗമനം. മൂന്നര വയസ്സുള്ളപ്പോൾ ആയിരുന്നു പ്രദേശത്ത് താമസിച്ചുവരികയായിരുന്ന കുട്ടിയെ കാണാതെ ആയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം കൈവശം ഉള്ളവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി.

Read More

ഡബ്ലിൻ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് ജോസഫ് തിരുമേനിയെ വരവേൽക്കാൻ ഒരുങ്ങി അയർലൻഡ്. നാളെ ( 19 വെള്ളി) ആണ് അദ്ദേഹം വിശ്വാസി സമൂഹത്തിന് വേണ്ടി അയർലൻഡിൽ എത്തുന്നത്. ഉജ്ജ്വല വരവേൽപ്പോട് കൂടിയാണ് അയർലൻഡിലെ വിശ്വാസി സമൂഹം അദ്ദേഹത്തെ രാജ്യത്തേയ്ക്ക് സ്വീകരിക്കുന്നത്. കത്തോലിക്കാ ബാവ ആയതിന് ശേഷം ആദ്യമായിട്ടാണ് തിരുമേനി അയർലൻഡ് സന്ദർശിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വരവ് ഗംഭീര ആഘോഷമാക്കാനാണ് തീരുമാനം. നാളെ മുതൽ 24ാം തിയതി വരെയാകും ബാവ അയർലൻഡിൽ ഉണ്ടാകുക. നാളെ അയർലൻഡിൽ എത്തുന്ന കത്തോലിക്കാ ബാവയെ അയർലൻഡ് ഭദ്രാസന മെത്രാപോലീത്ത തോമസ് മാർ അലക്‌സന്ത്രയോസ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജിനോ ജോസഫ്, സെക്രട്ടറി ഫാ. ഡോ. ജോബി സ്‌കറിയ, ട്രഷറർ സുനിൽ എബ്രഹാം എന്നിവർ ചേർന്ന് സ്വീകരിക്കും. വൈകീട്ടോടെ അദ്ദേഹം ഗാൽവെയിലേക്ക് പോകും.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് താപനിലയിൽ വർധനവ് ഉണ്ടാകും. 16 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും ഇന്ന് താപനില രേഖപ്പെടുത്തുക. അതേസമയം ഇന്ന് പരക്കെ മഴയും ലഭിക്കുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. മുൻസ്റ്റർ. ലെയ്ൻസ്റ്റർ, അൾസ്റ്റർ എന്നിവിടങ്ങളിൽ ഇന്ന് ശക്തമായ മഴ ലഭിക്കും. തെക്ക്, കിഴക്കൻ കൗണ്ടികളിൽ രാവിലെ മുതൽ മഴ ലഭിക്കും. പടിഞ്ഞാറ്, വടക്കൻ മേഖലകളിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. 11 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും ഈ പ്രദേശത്ത് താപനില അനുഭവപ്പെടുക. കിഴക്കൻ മേഖലയിൽ രാവിലെ മുതൽ ചാറ്റൽ മഴയുണ്ടാകും. മഞ്ഞ് മൂടിയ അന്തരീക്ഷം ആയിരിക്കും ഇവിടെ രാവിലെ അനുഭവപ്പെടുക.

Read More