ഡബ്ലിൻ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് ജോസഫ് തിരുമേനിയെ വരവേൽക്കാൻ ഒരുങ്ങി അയർലൻഡ്. നാളെ ( 19 വെള്ളി) ആണ് അദ്ദേഹം വിശ്വാസി സമൂഹത്തിന് വേണ്ടി അയർലൻഡിൽ എത്തുന്നത്. ഉജ്ജ്വല വരവേൽപ്പോട് കൂടിയാണ് അയർലൻഡിലെ വിശ്വാസി സമൂഹം അദ്ദേഹത്തെ രാജ്യത്തേയ്ക്ക് സ്വീകരിക്കുന്നത്.
കത്തോലിക്കാ ബാവ ആയതിന് ശേഷം ആദ്യമായിട്ടാണ് തിരുമേനി അയർലൻഡ് സന്ദർശിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വരവ് ഗംഭീര ആഘോഷമാക്കാനാണ് തീരുമാനം. നാളെ മുതൽ 24ാം തിയതി വരെയാകും ബാവ അയർലൻഡിൽ ഉണ്ടാകുക.
നാളെ അയർലൻഡിൽ എത്തുന്ന കത്തോലിക്കാ ബാവയെ അയർലൻഡ് ഭദ്രാസന മെത്രാപോലീത്ത തോമസ് മാർ അലക്സന്ത്രയോസ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജിനോ ജോസഫ്, സെക്രട്ടറി ഫാ. ഡോ. ജോബി സ്കറിയ, ട്രഷറർ സുനിൽ എബ്രഹാം എന്നിവർ ചേർന്ന് സ്വീകരിക്കും. വൈകീട്ടോടെ അദ്ദേഹം ഗാൽവെയിലേക്ക് പോകും.

