ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ ഡൊണബേറ്റിൽ ഇന്നും പരിശോധന തുടരും. കൂടുതൽ മൃതദേഹ ഭാഗങ്ങൾക്കും മറ്റ് തെളിവുകൾക്കും വേണ്ടിയാണ് മേഖലയിൽ ഇന്നും പരിശോധന നടത്തുന്നത്. അതേസമയം ഇവിടെ നിന്നും ലഭിച്ച അസ്ഥികൾ പരിശോധനകൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.
പോർട്രെയ്ൻ റോഡിന് സമീപത്തെ തുറസ്സായ സ്ഥലത്താണ് പരിശോധന തുടരുന്നത്. ഇവിടെ നിന്നും ലഭിച്ച അസ്ഥികൾ കൊറോണർ പരിശോധിച്ചുവരികയാണ്. ഇതും ഫോറൻസിക് പരിശോധനയും പൂർത്തിയായ ശേഷം അസ്ഥികൾ ഇവിടെ നിന്നും മാറ്റും. കഴിഞ്ഞ രണ്ട് ആഴ്ചയായി പ്രദേശത്ത് പോലീസ് പരിശോധന നടത്തിവരികയാണ്.
നാല് വർഷങ്ങൾക്ക് മുൻപ് കാണാതായ ഡാനിയേൽ അരൂബോസിന്റേത് ആണ് അസ്ഥികൾ എന്നാണ് നിഗമനം. മൂന്നര വയസ്സുള്ളപ്പോൾ ആയിരുന്നു പ്രദേശത്ത് താമസിച്ചുവരികയായിരുന്ന കുട്ടിയെ കാണാതെ ആയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം കൈവശം ഉള്ളവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി.

