ഡബ്ലിൻ: ക്രിസ്തുമസ് എന്നാൽ ഐറിഷ് ജനതയ്ക്ക് ഒത്തു ചേരലിന്റെ ആഘോഷം കൂടിയാണ്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും സമ്മാനങ്ങൾ കൈമാറിയും ഡിസംബർ 25 ഒരുപാട് മികച്ച ഓർമ്മകളുള്ള ദിനമായി ഐറിഷ് ജനത മാറ്റുന്നു. എന്നാൽ ഇത് കൊണ്ട് മാത്രം ഇവരുടെ ആഘോഷങ്ങൾ തീരുന്നില്ല. അൽപ്പം വ്യത്യസ്തമാണ് ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷം.
പള്ളികളിലെ പ്രാർത്ഥനകളിലും കുർബാനയിലും പങ്കെടുത്തുകൊണ്ടാണ് അയർലൻഡുകാരുടെ ക്രിസ്തുമസ് ദിനം ആരംഭിക്കാറ്. ഇതിന് ശേഷം വിഭവ സമൃദ്ധമായ പ്രാതൽ. ഇതോടെ അയർലൻഡുകാരുടെ ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിക്കും. ഭക്ഷണം കഴിച്ചും മദ്യപിച്ചും സമ്മാനങ്ങൾ കൈമാറിയും പിന്നീടുള്ള മണിക്കൂറുകൾ ഇവർ ചിലവിടും. എന്നാൽ മറ്റ് രീതികളിൽ ക്രിസ്തുമസ് ആഘോഷിക്കുന്നവരും ഐറിഷ് ജനതയ്ക്കിടയിൽ ഉണ്ട്.
ഡിസംബർ 25 ചിലർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ദിനം കൂടിയാണ്. ധനസമാഹരണത്തിനായി വിവിധ പരിപാടികൾ ഇക്കൂട്ടർ ആവിഷ്കരിക്കാറുണ്ട്. മാരത്തോൺ മുതൽ നീന്തൽ മത്സരംവരെ ഇതിൽ ഉൾപ്പെടുന്നു.
ക്രിസ്തുമസ് ദിനത്തിലെ ആകർഷണീയമായ കാഴ്ചയാണ് അയർലൻഡിലെ ട്രാക്ടർ പരേഡ്. ഇരുട്ട് വീണാൽ അയർലൻഡിലെ കർഷകർ തങ്ങളുടെ ട്രാക്ടറുകളുമായി റോഡുകളിലേക്ക് ഇറങ്ങും. ട്രാക്ടറിന് പുറമേ കൃഷിയ്ക്കായി ഉപയോഗിക്കുന്ന മറ്റ് യന്ത്രങ്ങളും ഉണ്ടാകും. ലൈറ്റുകൾ കൊണ്ട് ട്രാക്ടറുകൾ അലങ്കരിച്ചിട്ടുണ്ടാകും. വരിവരിയായി നീങ്ങുന്ന ട്രാക്ടറുകൾ അയർലൻഡിന്റെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

