ഡബ്ലിൻ: ടവറിന്റെ എയർ ഫ്രൈയറുകൾക്കെതിരെ മുന്നറിയിപ്പ്. ചില മോഡലിലുള്ള എയർ ഫ്രൈയറുകൾ ഉപയോഗിക്കരുതെന്ന് അയർലന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ അറിയിച്ചു. അടുത്തിടെ നിർമ്മാണത്തിലെ പ്രശ്നങ്ങളെ തുടർന്ന് ചിലമോഡലുകൾ കമ്പനി തിരിച്ച് വിളിച്ചിരുന്നു. ഇവ ഉപയോഗിക്കരുത് എന്നാണ് കമ്മീഷൻ അറിയിക്കുന്നത്.
അഞ്ച് മോഡലുകളാണ് കമ്പനി തിരിച്ചുവിളിച്ചത്. T17023 ടവർ 2.2 ലിറ്റർ മാനുവൽ എയർ ഫ്രെെയർ, T17061BLK ടവർ 4 ലിറ്റർ മാനുവൽ എയർ ഫ്രെെയർ T17067, ടവർ 4 ലിറ്റർ ഡിജിറ്റൽ എയർ ഫ്രെെയർ, T17087 ടവർ 2 ലിറ്റർ കോംപാക്റ്റ് മാനുവൽ എയർ ഫ്രെെയർ, T17129L വോർട്ട്ക്സ് 8 ലിറ്റർ ഡ്യുവൽ ബാസ്കറ്റ് എയർ ഫ്രെെയർ എന്നിവയുടെ നിർമ്മാണത്തിലാണ് പിഴവ് സംഭവിച്ചത്.
രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നും മുകളിൽ പറഞ്ഞിരിക്കുന്ന മോഡലുകളിലുള്ള 60,000 എയർ ഫ്രൈയറുകൾ വിറ്റ് പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇവയുടെ ഉപയോഗം തീപിടിത്തത്തിലേക്ക് വരെ നയിച്ചേക്കാം. യുകെയിൽ എയർ ഫ്രൈയറുകൾക്ക് തീപിടിച്ച നിരവധി സംഭവങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

