ടെഹ്റാൻ: നതാൻസ് ആണവ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ യുഎസ്-ഇസ്രായേൽ സഖ്യസേന വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. എന്നാൽ, ആക്രമണത്തിൽ ആണവ ചോർച്ചയോ പരിസ്ഥിതി മലിനീകരണമോ ഉണ്ടായിട്ടില്ലെന്നും ഇറാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇറാന്റെ പ്രാഥമിക ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസ്, യുഎസ്-ഇസ്രായേൽ സൈന്യത്തിന്റെ സ്ഥിരം ലക്ഷ്യമാണ് . കെട്ടിടങ്ങൾക്ക് കാര്യമായ ഘടനാപരമായ നാശനഷ്ടങ്ങൾ വെളിപ്പെടുത്തുന്ന സമീപകാല ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നുവെങ്കിലും വികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘവും സ്ഥിരീകരിച്ചു. ടെഹ്റാനിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നതാൻസ് മുൻപ് 2025 ജൂണിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിലും ലക്ഷ്യമിട്ടിരുന്നു.
അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സൈനിക നീക്കങ്ങൾ “അവരുടെ ലക്ഷ്യത്തോട് അടുത്താണ്” എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനിയൻ ഭരണകൂടത്തെ തകർക്കാനുള്ള നീക്കം ശരിയായ പാതയിലാണെന്ന് ട്രംപ് പറഞ്ഞു.
“ഇറാന്റെ സൈനിക, ആണവ ശേഷികളെ ഇല്ലാതാക്കുന്നതിൽ അമേരിക്ക വിജയിച്ചു മുതിർന്ന നേതൃത്വത്തെ ഇല്ലാതാക്കി. ഔപചാരിക വെടിനിർത്തൽ കരാറിന് സാധ്യതയില്ല” എന്നും അദ്ദേഹം പറഞ്ഞു . ഹോർമുസ് കടലിടുക്ക് സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര പങ്കാളികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

