Author: sreejithakvijayan

ഡബ്ലിൻ: ഇടിമിന്നൽ സാദ്ധ്യതയെ തുടർന്ന് അയർലന്റിലെ കൗണ്ടികളിൽ മുന്നറിയിപ്പ്. ക്ലെയർ, ലിമെറിക്ക്, കെറി, ഗാൽവെ എന്നീ കൗണ്ടികളിലാണ് ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളത്. ഇന്ന് വൈകുന്നേരം ഏഴ് മണി മുതൽ നാളെ രാവിലെ ഏഴ് മണിവരെ ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇടിമിന്നലിന് പുറമേ കൗണ്ടികളിൽ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഇതേ തുടർന്ന് വെള്ളപ്പൊക്ക മുന്നറിയിപ്പും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഡ്രൈവിംഗിന് തടസ്സം നേരിടാം. അതിനാൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.

Read More

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം മാറ്റമില്ലാതെ തുടരുന്നു. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് സാഹചര്യം രൂക്ഷമാക്കുന്നുണ്ട്. ഇന്ന് രാവിലെ വരെ 364 പേർക്കാണ് കിടക്കകളുടെ അപര്യാപ്തതയെ തുടർന്ന് ട്രോളികളിൽ ചികിത്സ നൽകുന്നത്. നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരിൽ 226 പേർ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്. വാർഡിൽ കഴിയുന്ന 138 പേർക്കാണ് കിടക്കകൾ ആവശ്യമായുള്ളത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സാഹചര്യം മാറ്റമില്ലാതെ തുടരുകയാണ്. ഇവിടെ 83 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. കോർക്ക് ആശുപത്രിയിൽ 40 പേർക്കും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 39 പേർക്കും കിടക്കകൾ ആവശ്യമാണ്.

Read More

ഡെറി: ഡെറിയിൽ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ യുവതിയ്‌ക്കെതിരെ കുറ്റം ചുമത്തി കോടതി. 28 കാരിയാണ് സംഭവത്തിലെ പ്രതി. ഗുരുതര ആക്രമണം നടത്തിയെന്ന കുറ്റമാണ് യുവതിയ്‌ക്കെതിരെ കോടതി ചുമത്തിയത്. ഇന്ന് രാവിലെ യുവതിയെ പോലീസ് ഡെറി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിൽ ആയിരുന്നു നടപടി. ബോധപൂർവ്വം ദേഹോപദ്രവം ഏൽപ്പിച്ചു, പോലീസുകാരെ ആക്രമിച്ചു, അപമര്യാദയായി പെരുമാറി എന്നിങ്ങനെയുള്ള കുറ്റങ്ങൾക്കും യുവതിയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട്.

Read More

ഗാൽവെ: തുവാമിലെ മുൻ മദർ ആന്റ് ബേബി ഹോമിൽ പരിശോധന ആരംഭിച്ചു. കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി കുഴിയെടുത്തുള്ള പരിശോധനയാണ് നടത്തുന്നത്. തുവാമിലെ ഡിറക്ടർ ഫോർ ഓതറൈസ്ഡ് ഇന്റർവെൻഷൻ ഓഫീസിന്റെ മേൽനോട്ടത്തിലാണ് പരിശോധന. രാവിലെ 10.30 ഓടെയാണ് സ്ഥലത്ത് പരിശോധന ആരംഭിച്ചത്. 36 വർഷത്തിനിടെ 800 ഓളം കുഞ്ഞുങ്ങളുടെ മൃതദേഹം ഇവിടെ സംസ്‌കരിച്ചിട്ടുണ്ടെന്നാണ്  കാതറീൻ കോർലെസ്സിന്റെ ഗവേഷണത്തിലെ കണ്ടെത്തൽ. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. 11 വർഷം മുൻപായിരുന്നു കാതറീൻ ഗവേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയത്. ഡബ്ലിൻ റോഡ് എസ്‌റ്റേറ്റിന് മദ്ധ്യഭാഗത്തായി 5,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് പരിശോധന നടത്തുന്നത്.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ജിഎഎ ക്ലബ്ബിന് തീയിട്ടു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെ അപലപിച്ച് നിരവധി പേർ രംഗത്ത് എത്തി. ഹന്നാസ്ടൗണിലെ ലാം ധീർഗ് ക്ലബ്ബിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയർന്നതിനെ തുടർന്ന് പ്രദേശവാസികൾ ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഉടനെ ഇവർ എത്തി തീ അണച്ചെങ്കിലും വലിയ നാശനഷ്ടം ക്ലബ്ബിന് ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ സമ്മർ ക്യാമ്പ് ആരംഭിക്കാനിരിക്കെയാണ് സംഭവം ഉണ്ടാകുന്നത്. തീയിട്ട സംഭവം വലിയ ആശങ്കയുളവാക്കുന്നുവെന്ന് ക്ലബ്ബ് പ്രതികരിച്ചു. കുട്ടികളുടെ സമ്മർ ക്യാമ്പിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. കബ്ബിനെ മനപ്പൂർവ്വം ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ആണ്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ക്ലബ്ബ് പ്രസ്താവനയിലൂടെ അറിയിച്ചു.

Read More

ഗാൽവെ: കൗണ്ടി ഗാൽവെയിൽ ഉണ്ടായ വാഹനാപകടത്തിൽ കൗമാരക്കാരിയ്ക്ക് ഗുരുതര പരിക്ക്. തുവാമിലെ ബാലിഗഡി റോഡിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 19 കാരി ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടാമത്തെ കാറിൽ യാത്ര ചെയ്തിരുന്ന യുവതിയ്ക്കും യുവാവിനും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. അപകടത്തിന് പിന്നാലെ റോഡിൽ ശാസ്ത്രീയ പരിശോധന നടത്തി. അപകടത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ: ടെനന്റ് ഇൻ സിറ്റു പദ്ധതിയ്ക്കായുള്ള അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവച്ച് ഫിൻഗൽ കൗണ്ടി കൗൺസിൽ. ബജറ്റിന്റെ അപര്യാപ്തതയെ തുടർന്നാണ് അപേക്ഷകൾ പരിഗണിക്കുന്നത് കൗൺസിൽ താത്കാലികമായി നിർത്തിവച്ചത്. ഈ വർഷം ഇതുവരെ 32 പ്രോപ്പർട്ടികൾ സ്‌കീമിന് കീഴിൽ വാങ്ങിയതായി കൗൺസിൽ വ്യക്തമാക്കി. വീട്ടുടമസ്ഥർ വീട് വിൽക്കുന്നതിനെ തുടർന്ന് കുടിയൊഴുപ്പിക്കൽ നേരിടേണ്ടിവരുന്ന വാടകർക്കാർക്ക് വീട് വാങ്ങാൻ സഹായിക്കുന്ന പദ്ധതിയാണ് ടെനന്റ് ഇൻ സിറ്റു. ഈ വർഷം 20 മില്യൺ യൂറോ ആയിരുന്നു സ്‌കീമിനായി കൗൺസിൽ വകയിരുത്തിയിരുന്നത്. എന്നാൽ വർഷം പകുതിയാകുമ്പോഴേയ്ക്കും ഈ തുക ചിലവായി. ഇതാണ് പ്രതിസന്ധിയ്ക്ക് കാരണം ആയത്. നേരത്തെ ബജറ്റിന്റെ കുറവിനെ തുടർന്ന് ഡബ്ലിൻ സിറ്റി കൗൺസിലും പദ്ധതിയ്ക്കായി അപേക്ഷ പരിഗണിക്കുന്നത് നിർത്തിവച്ചിരുന്നു.

Read More

ഡബ്ലിൻ: എഐ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുടെ കടന്നുവരവ് അയർലന്റിലെ തൊഴിൽമേഖലയെ ദോഷകരമായി ബാധിക്കുന്നു. എഐ വന്നതോട് കൂടി ധനകാര്യമേഖലകളിലെ പ്രധാന സ്ഥാപനങ്ങൾ അക്കൗണ്ടന്റുമാരെ നിയമിക്കുന്നത് കുറച്ചുവെന്നാണ് റിപ്പോർട്ടുകൾ. എഐയുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയിൽ എഐയുടെ ചുമതലയുള്ള സഹമന്ത്രി നിയാം സ്മിത്താണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എഐയുടെ കടന്നുവരവ് രാജ്യത്ത് വലിയ തൊഴിൽ നഷ്ടത്തിന് കാരണമായി. ഇതിനോടകം തന്നെ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടായി. റിക്രൂട്ട്‌മെന്റുകൾ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ സ്ഥിരീകരിക്കുകയാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ മക്കിൻലി അയർലന്റിന്റെ എംപ്ലോയ്‌മെന്റ് മോണിറ്ററും. ധനകാര്യമേഖലയിൽ ആളുകൾക്ക് വലിയ തൊഴിൽനഷ്ടമാണ് എഐയുടെ വരവോട് കൂടി ഉണ്ടാകുന്നത് എന്ന് എംപ്ലോയ്‌മെന്റ് മോണിറ്റർ വ്യക്തമാക്കുന്നു. ധനകാര്യസ്ഥാപനങ്ങൾ അക്കൗണ്ടന്റുമാരെ നിയമിക്കുന്നത് കുറച്ചു. ഇത് വലിയ വെല്ലുവിളിയാണെന്നും എംപ്ലോയ്‌മെന്റ് മോണിറ്റർ ചൂണ്ടിക്കാട്ടുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിലുണ്ടായ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. സാൻഡ്രിയ്ക്ക് സമീപം ഓൾഡ് എയർപോർട്ട് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. 60 കാരനാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 60 കാരൻ സഞ്ചരിച്ച ഇരുചക്രവാഹനം ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തിന് പിന്നാലെ സാങ്കേതിക പരിശോധനകൾക്കായി റോഡ് അടച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ കടുത്ത ചൂടിന് ആശ്വാസം. ഇന്ന് മുതൽ രാജ്യത്ത് മഴ സജീവമാകും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. അന്തരീക്ഷ താപനിലയും താഴും. താപനിലയിൽ 10 ഡിഗ്രി സെൽഷ്യസിന്റെ കുറവ് വരെ രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ട്. ഇന്നലെയും മിനിഞ്ഞാന്നും 30 ഉം 31 ഉം ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്തരീക്ഷ താപനില. എന്നാൽ ഇന്ന് 21 ഡിഗ്രി സെൽഷ്യസ് ആകും ഭൂരിഭാഗം സ്ഥലങ്ങളിലും രേഖപ്പെടുത്തുക. ഇന്ന് രാത്രിയോടെ പലഭാഗങ്ങളിലും ശക്തമായ മഴ ലഭിക്കും. നാളെ രാവിലെയും ശക്തമായ മഴ പല ഭാഗങ്ങളിലും അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.

Read More