Author: sreejithakvijayan

ഡൗൺപാട്രിക്: ഡൗൺപാട്രിക് ആക്രമണത്തെ തുടർന്ന് സാരമായി പരിക്കേറ്റ പുരോഹിതന്റെ ആരോഗ്യനിലയിൽ പുരോഗതി. ഇടവക അംഗങ്ങളാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. വളരെ സാവധാനത്തിലുള്ളതും സ്ഥിരവുമായ പുരോഗതിയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഉള്ളത് എന്നും  അംഗങ്ങൾ പറയുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു 30 കാരന്റെ ആക്രമണത്തിൽ സെന്റ് പാട്രിക്‌സ് ചർച്ചിലെ വൈദികനായ ഫാ. ജോൺ മുറേയ്ക്ക് പരിക്കേറ്റത്. കുമ്പസാരിക്കാനെന്ന പേരിൽ പള്ളിയിൽ എത്തിയ യുവാവ് അദ്ദേഹത്തിന്റെ തല അടിച്ച് തകർക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ സെന്റ് പാട്രിക്സ് ചർച്ച് അടച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു പിന്നീട് പള്ളി തുറന്നത്.

Read More

ഡബ്ലിൻ: അയർലൻഡിലെ തൊഴിൽ വിപണി ശക്തമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം രാജ്യത്തെ തൊഴിൽ നിരക്ക് റെക്കോർഡ് ഉയരത്തിലെത്തി. കുടിയേറ്റവും തൊഴിൽ വിപണിയിലെ പങ്കാളിത്തം വർദ്ധിച്ചതുമാണ് തൊഴിൽ വിപണിയ്ക്ക് കരുത്തേകിയതെന്നും ധനകാര്യവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോവിഡ് 19 ഉണ്ടാക്കിയ ക്ഷീണത്തിൽ നിന്ന് കരകയറാൻ അയർലൻഡിലെ തൊഴിൽ വിപണിയ്ക്ക് അതിവേഗം കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെയും പ്രായമായവരുടെയും പങ്കാളിത്തം വർദ്ധിച്ചത് തൊഴിൽ രംഗത്തിന് കരുത്തേകി. കുടിയേറ്റവും തൊഴിൽ വിപണിയിലെ പങ്കാളിത്തം വർദ്ധിച്ചതും വിപണിയുടെ ഉണർവ്വിന് കാരണമായി. അതേസമയം ശരാശരി ജോലി സമയത്തിലെ കുറവ് തൊഴിൽ ശക്തിയുടെ വികാസത്തെ പ്രതികൂലമായി ബാധിച്ചു. റിമോർട്ട് വർക്കിംഗ് ആയിരിക്കും ഇതിന് കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Read More

ബെൽഫാസ്റ്റ്: നഗരത്തിൽ സ്ത്രീകൾക്ക് വേണ്ടി മാത്രമായി ടാക്‌സി സർവ്വീസ് ആരംഭിക്കാൻ ദമ്പതികൾ. ബെൽഫാസ്റ്റ് സ്വദേശികളായ ജോർജ് വിയർ, ഭാര്യ ആൻമേരി എന്നിവരാണ് പുതിയ ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തകയാണ് ഇരുവരുടെയും ലക്ഷ്യം. സ്ത്രീകൾക്ക് ഒട്ടും സുരക്ഷയില്ലാത്ത യൂറോപ്പിലെ മേഖലയാണ് വടക്കൻ അയർലൻഡ് എന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ 98 ശതമാനം പേരും ആക്രമണം നേരിടുന്നുണ്ട്. ഇതിന് പുറമേ നാലിൽ ഒരു പെൺകുട്ടി പൊതുയിടങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനൊരു മാറ്റം കൊണ്ടുവരുന്നതിന് വേണ്ടിയാണ് പുതിയ ടാക്‌സി സർവ്വീസ് ആരംഭിക്കുന്നത് എന്നാണ് ദമ്പതികൾ പറയുന്നത്. ഇവരുടെ ആശയത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. സ്ത്രീകൾക്കായി സ്ത്രീകൾ ഓടിക്കുന്ന ടാക്‌സി സർവ്വീസുകൾ ആയിരിക്കും ആരംഭിക്കുക. ഇത് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് പുറമേ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക കൂടി ചെയ്യും.

Read More

ഡബ്ലിൻ: അയർലൻഡിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്‌വർക്ക് ടീമുമായി ബന്ധപ്പെടാൻ കാത്തിരിക്കുന്നത് പതിനായിരത്തിലധികം കുട്ടികൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം 10,961 കുട്ടികളാണ് കാത്തിരിക്കുന്നത്. ജൂൺ അവസാനം വരെയുള്ള കണക്കുകളാണ് എച്ച്എസ്ഇ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം മെയ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്. മെയ് മാസം വരെയുള്ള കണക്കുകൾ പ്രകാരം 11,527 കുട്ടികൾ ആയിരുന്നു കാത്തിരുന്നത്. 10,961 കുട്ടികൾ ടീമുമായി ആദ്യത്തെ കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നവരാണ്. 7,167 കുട്ടികൾ കഴിഞ്ഞ ഒരു വർഷമായി ടീമുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നുണ്ട്.

Read More

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ കാണാതായ 41 കാരനായുള്ള തിരച്ചിൽ തുടർന്ന് പോലീസ്. നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലും ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വെസ്റ്റ് ബെൽഫാസ്റ്റ് സ്വദേശി ഡാമിയെൻ പവറിനെയാണ് കാണാതെ ആയത്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് വീട്ടുകാരിലും അന്വേഷണ ഉദ്യോഗസ്ഥരിലും വലിയ ആശങ്കയുണ്ട്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഡാമിയെനെ കാണാതെ ആയത്. റോസ്‌നറീൻ അവന്യൂവിൽ നിന്നായിരുന്നു അദ്ദേഹത്തെ കാണാതെ ആയത് എന്നാണ് കുടുംബം പറയുന്നത്. ആറടി ഉയരമാണ് അദ്ദേഹത്തിനുള്ളത്. കൈകളിൽ പച്ചകുത്തിയിട്ടുണ്ട്. കാണാതാകുമ്പോൾ തലയിൽ ബേസ് ബോൾ ക്യാപ്പ് ധരിച്ചിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ തീപിടിത്തങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം മരിച്ചത് 25 പേർ. ഭവന, തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും 55 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. വീടുകൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുണ്ടായ തീപിടുത്തങ്ങളിൽ കഴിഞ്ഞ വർഷം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കാട്ടുതീ, മാലിന്യ കേന്ദ്രങ്ങളിലുണ്ടായ അപകടങ്ങൾ എന്നിവയിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിൽ ഇലക്ട്രിക് വയറിലെ പ്രശ്‌നങ്ങൾ, ഉപകരണങ്ങളിലെ പ്രശ്‌നങ്ങൾ എന്നിവ തീപിടുത്തങ്ങൾക്ക് കാരണം ആയി. ഇതിന് പുറമേ ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടായ അശ്രദ്ധയും തീപിടിത്തത്തിലേക്ക് നയിച്ച സംഭവങ്ങളാണ്. 25 പേരിൽ 21 പേരും 55 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരാണ്.

Read More

ഡബ്ലിൻ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡബ്ലിനിൽ വിപുലമായ ആഘോഷപരിപാടികൾ സഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മെറിയോൻ സ്‌ക്വയറിൽ നടന്ന പരിപാടിയിൽ നിരവധി പേരാണ് പങ്കുകൊണ്ടത്. ഇന്ത്യക്കാർക്ക് നേരായ വംശീയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധയിടങ്ങളിൽ നടത്താനിരുന്ന ആഘോഷപരിപാടികൾ റദ്ദാക്കിയിരുന്നു. 79ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നിരവധി സംഗീത പരിപാടികളും നൃത്തപരിപാടികളും നടന്നു. ഇന്ത്യയുടെ തനത് രുചികൾ ഐറിഷ് ജനതയിലേക്ക് പകർന്ന് നൽകുന്നതിനായി ഫുഡ് സ്റ്റാളുകളും തയ്യാറാക്കിയിരുന്നു. നിരവധി സാംസ്‌കാരിക പരിപാടികൾക്കും മെറിയോൻ സ്‌ക്വയർ വേദിയായി. അയർലൻഡിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിറ്റിയാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ ഇടിമിന്നലിന് സാദ്ധ്യത പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് യെല്ലോ വാണിംഗ്. കോർക്ക്, കെറി, ലിമെറിക്ക് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇവിടെ രാവിലെ മുതൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മുൻസ്റ്ററിൽ പകൽ നേരങ്ങളിൽ നല്ല വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും വൈകീട്ടോടെ കാലാവസ്ഥ പ്രതികൂലമാകാം. ശക്തമായ മഴയുണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാം. ഇതിന് പുറമേ യാത്രാ വേളയിലും തടസ്സം നേരിടാമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും വംശീയ ആക്രമണം നടന്നതായി റിപ്പോർട്ട്. 22 കാരനായ യുവാവാണ് ആക്രമണം നേരിട്ടതായുള്ള വിവരം റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്. സംഭവം നിരവധി പേർ കണ്ടെങ്കിലും തനിക്ക് വേണ്ടി ആരും പ്രതികരിച്ചില്ലെന്നും യുവാവ് പറയുന്നു. അയർലൻഡിലെ ബസ് സ്‌റ്റോപ്പിൽ വച്ചായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. ബസ് കാത്ത് നിൽക്കുന്നതിനിടെ ഒരു സംഘം ഐറിഷ് കൗമാരന്മാർ വംശീയമായും ശാരീരികമായും ആക്രമിക്കുകയായിരുന്നു. രണ്ട് ഐറിഷ് പൗരന്മാരും ബ്രൗൺ നിറമുള്ള ഒരാളും ബസ് സ്റ്റോപ്പിൽ സംഭവ സമയം ഉണ്ടായിരുന്നു. എന്നാൽ ആരും സഹായിച്ചില്ലെന്നാണ് യുവാവ് വ്യക്തമാക്കുന്നത്.

Read More

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിന് നേരെ ആക്രമണം. മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം ആയുധങ്ങൾകൊണ്ട്   ആക്രമിച്ചു. സംഭവത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ലൂപ്പ്‌ലാന്റ് പാർക്കിൽവച്ചാണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ബാറ്റുകളും ചുറ്റികകളും ഉപോഗിച്ചായിരുന്നു ആക്രമണം എന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. അക്രമികൾക്കായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.

Read More