ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ ഇടിമിന്നലിന് സാദ്ധ്യത പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് യെല്ലോ വാണിംഗ്.
കോർക്ക്, കെറി, ലിമെറിക്ക് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇവിടെ രാവിലെ മുതൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മുൻസ്റ്ററിൽ പകൽ നേരങ്ങളിൽ നല്ല വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും വൈകീട്ടോടെ കാലാവസ്ഥ പ്രതികൂലമാകാം.
ശക്തമായ മഴയുണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാം. ഇതിന് പുറമേ യാത്രാ വേളയിലും തടസ്സം നേരിടാമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.

