- ടിപ്പററിയിൽ യുവതിയ്ക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്
- ഷാനൻ നദിയിൽ നിന്നും കുടിവെള്ളം; ഉയിസ് ഐറാനെതിരെ പ്രതിഷേധം
- ഡെറിയിലെ യുവതിയുടെ മരണം; യുവാവ് അറസ്റ്റിൽ
- ഡൊണഗലിൽ വാഹനാപകടം; കൗമാരക്കാരന് പരിക്ക്
- റോണി ഡെലാനിയുടെ ഭാര്യ അന്തരിച്ചു
- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
Author: sreejithakvijayan
ഡബ്ലിൻ: ജലസ്രോതസ്സുകളിലെ മലിനീകരണത്തിൽ സർക്കാരിന് വിമർശനം. പരിസ്ഥിതി പത്രപ്രവർത്തകൻ ജോൺ ഗിബ്ബൻസ് ആണ് സർക്കാരിനെ വിമർശിച്ച് രംഗത്ത് എത്തിയത്. മലിനീകരണം നിയന്ത്രിക്കാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം രാജ്യത്തെ തടാകങ്ങളിലെയും നദികളിലെയും ഉപരിതലത്തിലുള്ള ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞുവരികയാണെന്ന റിപ്പോർട്ട് പരിസ്ഥിതി സംരക്ഷണ ഏജൻസി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം. ഉപരിതല ജലത്തിന്റെ പകുതിയോളം തൃപ്തികരമല്ലാത്ത നിലവാരത്തിലാണെന്നും ഭൂഗർഭജലങ്ങളിൽ നൈട്രേറ്റ് സാന്ദ്രത കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൃഷിയ്ക്കായി ഉപയോഗിക്കുന്ന വളങ്ങൾ ആവാസവ്യവസ്ഥയിൽ വലിയ ആഘാതം സൃഷ്ടിക്കുന്നു. ഇത് സർക്കാർ അവഗണിക്കുകയാണ്. സർക്കാർ വിഷയത്തെ ഗൗരവമായി പരിഗണിച്ചുവെങ്കിൽ നൈട്രേറ്റ് ഉപയോഗത്തിന്റെ തോത് വർധിപ്പിക്കണമെന്ന് അപേക്ഷിക്കില്ലായിരുന്നു. മണ്ണിന് ആവശ്യമായതിലും കൂടുതൽ നൈട്രേറ്റ് ഇതുവഴി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഊർജ്ജ ചിലവിൽ വിമർശനവുമായി സിൻ ഫെയിൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു മക്‌ഡൊണാൾഡിന്റെ പ്രതികരണം. അയർലൻഡിലെ പാവങ്ങളെ എനർജി കമ്പനികൾ കൊള്ളയടിക്കുകയാണെന്ന് മക്‌ഡൊണാൾഡ് പറഞ്ഞു. അയർലൻഡിലെ ഊർജ്ജ റീട്ടെയ്ൽ വിലകൾ ഹോൾസെയിൽ വിലകളെക്കാൾ മൂന്നിരിട്ടിയാണെന്നാണ് ഐഇഎയുടെ കണ്ടെത്തൽ. ആളുകളെ ഊർജ്ജ വിലകൾ വെട്ടിമുറിക്കുകയാണെന്ന് മക്‌ഡൊണാൾഡ് പറഞ്ഞു. ജനങ്ങളെ പറ്റിക്കുകയാണ്. ഭയാനകമായ ബജറ്റിന് അനുസൃതമാണ് ഇത്. സമ്പന്നരെ പരിപാലിക്കുകയും സാധാരണ തൊഴിലാളികളുടെ ജീവിത സാഹചര്യം വളരെ മോശമാക്കുകയും ചെയ്യുന്ന ബജറ്റാണെന്നും മേരി വിമർശിച്ചു.
ഡബ്ലിൻ: അയർലൻഡിലെ നാഷണൽ പാർക്കുകളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതുമായി ബന്ധപ്പട്ട സംഭവങ്ങളിൽ വർധന. കഴിഞ്ഞ 18 മാസത്തിനിടെ നാഷണൽ പാർക്കിൽ കേടുപാടുകൾ ഉണ്ടാക്കിയ 34 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ തീയിടൽ, അടിച്ച് തകർക്കൽ, മോഷണം മുതലായ ആക്രമണങ്ങൾ ഉൾപ്പെടുന്നതായി നാഷണൽ പാർക്ക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് സർവ്വീസ് (എൻപിഡബ്ല്യുഎസ്) വ്യക്തമാക്കുന്നു. കൗണ്ടി ഗാൽവെയിൽ ഒരു വർഷത്തിനിടെ മാത്രം 12 ഓളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്ത 34 ആക്രമണങ്ങളിൽ നാശനഷ്ടത്തിന് കാരണമായ 10 ആക്രമണങ്ങൾ ഉണ്ടായത് ഗാൽവെയിലെ കൂലി പാർക്കിലാണ്. തറ കുത്തിപ്പൊളിച്ചതും ഗേറ്റിന്റെ ലോക്ക് മുറിച്ചുമാറ്റിയതും ഇതിൽ ഉൾപ്പെടുന്നു. മയോയിലെ വൈൽഡ് നെഫിൻ നാഷണൽ പാർക്കിൽ രണ്ട് ഗുരുതര ആക്രമണമാണ് ഉണ്ടായത്. ഡൗൺ, വിക്ലോ എന്നീ കൗണ്ടികളിലെ നാഷണൽ പാർക്കുകളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാട്ടർഫോർഡ്: കേരള മുസ്ലീം കമ്മ്യൂണിറ്റി അയർലൻഡിന്റെ( കെഎംസിഐ) ആഭിമുഖ്യത്തിൽ വാട്ടർഫോർഡിൽ ചാരിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ 11 ന് ബാലിഗന്നർ ജിഎഎ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ആയിരുന്നു പരിപാടി. ഭവന രഹിതർക്കും ആവശ്യക്കാർക്കും ആഹാരവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകുക ലക്ഷ്യമിട്ടായിരുന്നു കുടുംബ സംഗമം സംഘടിപ്പിച്ചത്. വാട്ടർഫോർഡ് മേയർ ശേമസ് റയാൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹം മുഖേന പരിപാടിയിൽവച്ച് സഹാമരിച്ച വസ്തുക്കൾ ഹെൽപ്പിംഗ് ഹാൻഡ് വാട്ടർഫോർഡ് പ്രതിനിധികൾക്ക് കൈമാറി. കെഎംസിഎ സെക്രട്ടറി ഫമീർ സി.കെ സ്വാഗതപ്രസംഗം നടത്തി. ചെയർമാൻ അനസ് എം സയ്യിദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ശേമസ് റയൻ മുഖപ്രഭാഷണം നടത്തി.
ഡബ്ലിൻ: ചൈൽഡ് കെയർ സ്ഥാപനങ്ങൾ കുറയുന്നതിനെ തുടർന്ന് പ്രതിസന്ധിയിലായി രക്ഷിതാക്കൾ. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ രക്ഷിതാക്കളിൽ നിന്നും തോന്നിയ നിലയിൽ ഫീസ് ഈടാക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമാകുന്നത്. ഇത്തരം ചൈൽഡ് കെയർ സ്ഥാപനങ്ങൾ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 51 ചൈൽഡ് കെയർ പ്രൊവൈഡേഴ്‌സ് ആണ് സർക്കാർ സ്‌കീമിൽ നിന്നും പുറത്തുവന്നത്. ഇവർ നിലവിൽ 300 യൂറോയിലധികം രക്ഷിതാക്കളിൽ നിന്ന് ഫീസ് ആയി ഈടാക്കുന്നുണ്ട്. സർക്കാർ ഫണ്ടിംഗ് ഉണ്ടായിരുന്നപ്പോൾ ഏർലി ലേണിംഗും സ്‌കൂൾ ഏജ് ചൈൽഡ് കെയറും നൽകുന്ന സ്ഥാപനങ്ങൾ ആയിരുന്നു ഇവ.
ഡബ്ലിൻ: വാടകക്കാർക്ക് ആശ്വാസമായി അയർലൻഡ് സർക്കാരിന്റെ വാടക നിയമ പരിഷ്‌കാരങ്ങൾ. വാടകക്കാരിൽ നിന്നും രഹസ്യമായി ഉയർന്ന നിരക്കിൽ വാടക അവസാനിപ്പിക്കുന്നതടക്കം വാടകക്കാരന് ഗുണം ചെയ്യുന്ന മാറ്റങ്ങളാണ് അയർലൻഡിൽ വരാനിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് കർശന ശിക്ഷയും പുതിയ നിയമ പരിഷ്‌കാരത്തിൽ അനുശാസിക്കുന്നുണ്ട്. രഹസ്യമായി വൻതുക ഈടാക്കുന്നത് ഒഴിവാക്കുന്നതിനായി ഇനി മുതൽ എത്ര രൂപയാണ് വാടകയായി ഈടാക്കുന്നത് എന്ന് ഭൂവുടമ പരസ്യമായി വെളിപ്പെടുത്തേണ്ടിവരും. ഇതിന് പുറമേ നോ ഫാൾട്ട് എവിക്ഷനുകൾ നിരോധിക്കുന്നതും പുതിയ നിയമ പരിഷ്‌കാരത്തിലൂടെ സാധ്യമാക്കും. റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.
കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ്‌ലൈഫ് പാർക്ക് ഇന്നും അടച്ചിടും. പക്ഷിപ്പനി ബാധ സംശയിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ പാർക്ക് അടച്ചിട്ടത്. ഇന്നലെയും പാർക്ക് അടച്ചിട്ടിരുന്നു. പൊതുജനങ്ങൾ പാർക്കിലേക്ക് വരുന്നത് തടയുന്നതിനാണ് അടച്ചിടൽ നടപടി. നാളെ മുതൽ പാർക്ക് തുറന്ന് പ്രവർത്തിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതേക്കുറിച്ച് പിന്നീട് അറിയിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഏകദേശം 100 ലധികം അപൂർവ്വയിനത്തിൽപ്പെട്ട ജീവിവർഗ്ഗങ്ങൾ പാർക്കിൽ ഉണ്ട്. ഇതിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്.
ഡബ്ലിൻ: അയർലൻഡിലെ ജലസ്രോതസ്സുകളിലെ ഉപരിതല ജലത്തിന്റെ ഗുണനിലവാരം കുറയുന്നു. പരിസ്ഥിതി സംരക്ഷണ ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഫോസ്ഫറസിന്റെയും നൈട്രജന്റെയും അളവ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ വിലയിരുത്തലിന് ശേഷമാണ് പരിസ്ഥിതി ഏജൻസി ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ നദികളുടെയും തടാകങ്ങളുടെയും ഉപരിതല ജലത്തിന്റെ പകുതിയോളം ഭാഗവും തൃപ്തികരമല്ലാത്ത പാരിസ്ഥിതിക അവസ്ഥയിലാണ്. കൃഷി, നഗരങ്ങളിൽ നിന്നുള്ള മലിന ജലം, മനുഷ്യന്റെ ഇടപെടൽ എന്നിവയാണ് ഇതിന് കാരണമാകുന്നത്. 2024 വരെയുള്ള ആറ് വർഷത്തിനിടെ ഏകദേശം 3,200 നദികളിലെ മലിനീകരണം സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചു. 800 തടാകങ്ങൾ, 100 തീരദേശ ജലസ്രോതസ്സുകൾ, 160 അഴിമുഖങ്ങൾ,512 ഭൂഗർഭജല സ്രോതസ്സുകൾ, 16 കനാലുകൾ എന്നിവയെക്കുറിച്ചും പഠനം നടത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇപിഎ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ വരണ്ട കാലാവസ്ഥയ്ക്ക് ഈ ആഴ്ചയോടെ മാറ്റം. ശനിയാഴ്ച മുതൽ കാലാവസ്ഥ വീണ്ടും അസ്ഥിരമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചവരെ മാത്രം ആയിരിക്കും വരണ്ട മഞ്ഞ് മൂടിയ കാലാവസ്ഥ തുടരുക. അയർലൻഡിൽ ഉയർന്ന മർദ്ദം സ്വാധീനം ചെലുത്തുന്നതാണ് നിലവിലെ സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക് കാരണം. എന്നാൽ വാരാന്ത്യത്തോടെ ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം കുറയും. ഇതാണ് മഴയ്ക്ക് കാരണം ആകുന്നത്. ഇന്ന് പൊതുവെ മഞ്ഞ് മൂടിയ കാലാവസ്ഥ ആയിരിക്കും ഉണ്ടാകുക. മഞ്ഞും ചെറിയ ചാറ്റൽ മഴയും അനുഭവപ്പെടും. 12 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും രാജ്യത്ത് അന്തരീക്ഷ താപനില രേഖപ്പെടുത്തുക.
ഡബ്ലിൻ: ആഗോള ആസ്ഥാനം മാറ്റാൻ തീരുമാനിച്ച് ഫുഡ് ഡെലിവറി, ടേക്ക് എവേയ് സർവ്വീസ് ആയ ഫുഡ്ഹബ്ബ്. ഡബ്ലിനിലേക്ക് ആസ്ഥാനം മാറ്റാനാണ് തീരുമാനം. ഇതോടെ 35 ലധികം തൊഴിലവസരങ്ങളാകും ഡബ്ലിനിൽ പുതുതായി സൃഷ്ടിക്കപ്പെടുക. ഡബ്ലിനിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ടെക്‌നോളജി, സെയിൽസ്, കസ്റ്റമർ സർവ്വീസ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നുണ്ട്. നിലവലിൽ ഇംഗ്ലണ്ടിലെ സ്‌റ്റോക്ക് ഓൺ ട്രെന്റിലാണ് കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇതാണ് ഡബ്ലിനിലേക്ക് മാറ്റുന്നത്. 2017 ൽ ഫുഡ് ഹബ്ബ് ആരംഭിച്ചത് മുതൽ ആസ്ഥാനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പത്ത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഫുഡ്ഹബ്ബിന് അയർലൻഡ്, യുകെ, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലുൾപ്പെടെ 30,000-ത്തിലധികം റെസ്റ്റോറന്റുകളുമായും ടേക്ക്എവേ ഷോപ്പുകളുമായും പങ്കാളിത്തമുണ്ട്. ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും പ്രതിവർഷം 65 ദശലക്ഷത്തിലധികം ഓർഡറുകളാണ് ഫുഡ്ഹബ്ബിന് ലഭിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
