ഡബ്ലിൻ: ആഗോള ആസ്ഥാനം മാറ്റാൻ തീരുമാനിച്ച് ഫുഡ് ഡെലിവറി, ടേക്ക് എവേയ് സർവ്വീസ് ആയ ഫുഡ്ഹബ്ബ്. ഡബ്ലിനിലേക്ക് ആസ്ഥാനം മാറ്റാനാണ് തീരുമാനം. ഇതോടെ 35 ലധികം തൊഴിലവസരങ്ങളാകും ഡബ്ലിനിൽ പുതുതായി സൃഷ്ടിക്കപ്പെടുക. ഡബ്ലിനിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ടെക്നോളജി, സെയിൽസ്, കസ്റ്റമർ സർവ്വീസ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നുണ്ട്.
നിലവലിൽ ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓൺ ട്രെന്റിലാണ് കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇതാണ് ഡബ്ലിനിലേക്ക് മാറ്റുന്നത്. 2017 ൽ ഫുഡ് ഹബ്ബ് ആരംഭിച്ചത് മുതൽ ആസ്ഥാനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
പത്ത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഫുഡ്ഹബ്ബിന് അയർലൻഡ്, യുകെ, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലുൾപ്പെടെ 30,000-ത്തിലധികം റെസ്റ്റോറന്റുകളുമായും ടേക്ക്എവേ ഷോപ്പുകളുമായും പങ്കാളിത്തമുണ്ട്. ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും പ്രതിവർഷം 65 ദശലക്ഷത്തിലധികം ഓർഡറുകളാണ് ഫുഡ്ഹബ്ബിന് ലഭിക്കുന്നത്.

