ഡബ്ലിൻ: അയർലൻഡിലെ ജലസ്രോതസ്സുകളിലെ ഉപരിതല ജലത്തിന്റെ ഗുണനിലവാരം കുറയുന്നു. പരിസ്ഥിതി സംരക്ഷണ ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഫോസ്ഫറസിന്റെയും നൈട്രജന്റെയും അളവ് കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തെ വിലയിരുത്തലിന് ശേഷമാണ് പരിസ്ഥിതി ഏജൻസി ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ നദികളുടെയും തടാകങ്ങളുടെയും ഉപരിതല ജലത്തിന്റെ പകുതിയോളം ഭാഗവും തൃപ്തികരമല്ലാത്ത പാരിസ്ഥിതിക അവസ്ഥയിലാണ്. കൃഷി, നഗരങ്ങളിൽ നിന്നുള്ള മലിന ജലം, മനുഷ്യന്റെ ഇടപെടൽ എന്നിവയാണ് ഇതിന് കാരണമാകുന്നത്.
2024 വരെയുള്ള ആറ് വർഷത്തിനിടെ ഏകദേശം 3,200 നദികളിലെ മലിനീകരണം സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചു. 800 തടാകങ്ങൾ, 100 തീരദേശ ജലസ്രോതസ്സുകൾ, 160 അഴിമുഖങ്ങൾ,512 ഭൂഗർഭജല സ്രോതസ്സുകൾ, 16 കനാലുകൾ എന്നിവയെക്കുറിച്ചും പഠനം നടത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇപിഎ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

