ഡബ്ലിൻ: ജലസ്രോതസ്സുകളിലെ മലിനീകരണത്തിൽ സർക്കാരിന് വിമർശനം. പരിസ്ഥിതി പത്രപ്രവർത്തകൻ ജോൺ ഗിബ്ബൻസ് ആണ് സർക്കാരിനെ വിമർശിച്ച് രംഗത്ത് എത്തിയത്. മലിനീകരണം നിയന്ത്രിക്കാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം രാജ്യത്തെ തടാകങ്ങളിലെയും നദികളിലെയും ഉപരിതലത്തിലുള്ള ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞുവരികയാണെന്ന റിപ്പോർട്ട് പരിസ്ഥിതി സംരക്ഷണ ഏജൻസി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം. ഉപരിതല ജലത്തിന്റെ പകുതിയോളം തൃപ്തികരമല്ലാത്ത നിലവാരത്തിലാണെന്നും ഭൂഗർഭജലങ്ങളിൽ നൈട്രേറ്റ് സാന്ദ്രത കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൃഷിയ്ക്കായി ഉപയോഗിക്കുന്ന വളങ്ങൾ ആവാസവ്യവസ്ഥയിൽ വലിയ ആഘാതം സൃഷ്ടിക്കുന്നു. ഇത് സർക്കാർ അവഗണിക്കുകയാണ്. സർക്കാർ വിഷയത്തെ ഗൗരവമായി പരിഗണിച്ചുവെങ്കിൽ നൈട്രേറ്റ് ഉപയോഗത്തിന്റെ തോത് വർധിപ്പിക്കണമെന്ന് അപേക്ഷിക്കില്ലായിരുന്നു. മണ്ണിന് ആവശ്യമായതിലും കൂടുതൽ നൈട്രേറ്റ് ഇതുവഴി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

