ഡബ്ലിൻ: അയർലൻഡിലെ നാഷണൽ പാർക്കുകളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതുമായി ബന്ധപ്പട്ട സംഭവങ്ങളിൽ വർധന. കഴിഞ്ഞ 18 മാസത്തിനിടെ നാഷണൽ പാർക്കിൽ കേടുപാടുകൾ ഉണ്ടാക്കിയ 34 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ തീയിടൽ, അടിച്ച് തകർക്കൽ, മോഷണം മുതലായ ആക്രമണങ്ങൾ ഉൾപ്പെടുന്നതായി നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ്ലൈഫ് സർവ്വീസ് (എൻപിഡബ്ല്യുഎസ്) വ്യക്തമാക്കുന്നു.
കൗണ്ടി ഗാൽവെയിൽ ഒരു വർഷത്തിനിടെ മാത്രം 12 ഓളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്ത 34 ആക്രമണങ്ങളിൽ നാശനഷ്ടത്തിന് കാരണമായ 10 ആക്രമണങ്ങൾ ഉണ്ടായത് ഗാൽവെയിലെ കൂലി പാർക്കിലാണ്. തറ കുത്തിപ്പൊളിച്ചതും ഗേറ്റിന്റെ ലോക്ക് മുറിച്ചുമാറ്റിയതും ഇതിൽ ഉൾപ്പെടുന്നു. മയോയിലെ വൈൽഡ് നെഫിൻ നാഷണൽ പാർക്കിൽ രണ്ട് ഗുരുതര ആക്രമണമാണ് ഉണ്ടായത്. ഡൗൺ, വിക്ലോ എന്നീ കൗണ്ടികളിലെ നാഷണൽ പാർക്കുകളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

