പത്തനംതിട്ട: ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ 58 കാരി മരിച്ചു. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് സംഭവം. ആങ്ങമൂഴിയിലെ കലപ്പമണ്ണിലെ മായ (58) ആണ് മരിച്ചത് . ഡോക്ടർമാരുടെ ഭാഗത്തെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു . എന്നാൽ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സങ്കീർണതകളാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ ആഴ്ച മായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകളുമായി നടന്നാണ് അവർ ആശുപത്രിയിലേക്ക് വന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഗർഭാശയം നീക്കം ചെയ്തു. എന്നാൽ മായക്ക് പിന്നീട് വയറുവേദനയും കടുത്ത പനിയും അനുഭവപ്പെട്ടു. തുടർന്ന് സ്കാൻ ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സ്കാനിൽ കുടലിൽ ഒരു ദ്വാരം കണ്ടെത്തി. ആശുപത്രി അധികൃതർ പിന്നീട് മറ്റൊരു ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ രണ്ടാമതും മായക്ക് ശസ്ത്രക്രിയ നടത്തി. പിന്നാലെ വെന്റിലേറ്ററിൽ ആയിരുന്ന മായ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
വൈദ്യശാസ്ത്രപരമായ പിഴവുകൾ മൂലമാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തേണ്ടി വന്നതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി . എന്നാൽ, ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം സങ്കീർണതകൾ ഉണ്ടായതായും അതുകൊണ്ടാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

