ആലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജി സുധാകരന് യുഡിഎഫ് പിന്തുണ നല്‍കുമെന്നും സൂചനയുണ്ട് . നാളെ വാർത്താസമ്മേളത്തിൽ ഇക്കാര്യം പ്രഖ്യാപിക്കാനാണ് സാധ്യത.
സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം ഇന്നും തിരക്കിട്ട നീക്കം നടത്തിയിരുന്നു. ജില്ലാ സെക്രട്ടറി നാസറിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ജി സുധാകരനുമായി ചര്‍ച്ച നടത്തി. എന്നാല്‍ സുധാകരന് ഈ ചര്‍ച്ചയിലും അയഞ്ഞില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അനുനയ നീക്കമെന്നാണ് വിവരം. ജി സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിക്കുകയും ചെയ്തു.ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കള്‍ ശുഭ പ്രതീക്ഷയാണ് പങ്കുവച്ചത്. സുധാകരന് പാര്‍ട്ടിക്കൊപ്പമെന്നാണ് നേതാക്കള്‍ പറഞ്ഞത്.
എന്നാൽ വാര്‍ത്താസമ്മേളനം ഉപേക്ഷിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സുധാകരന്.അംഗത്വം പുതുക്കുന്നില്ലെന്ന ജി സുധാകരന്റെ പ്രഖ്യാപനം ഒരാഴ്ച്ച മുൻപായിരുന്നു. അതിനിടയ്ക്ക് മുഖ്യമന്ത്രി ആലപ്പുഴയിൽ വന്നെങ്കിലും സുധാകരനെ കാണാൻ കൂട്ടാക്കിയില്ല . ഏറെ ആലോചനകള്‍ക്ക് ശേഷമാണ് അദ്ദേഹം നാളെ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്

