വയനാട്: ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. രാവിലെ പത്ത് മണിയോടെ കളക്ടറേറ്റിലെത്തിയ ശ്രുതി എഡിഎം കെ.ദേവകിയുടെ മുമ്പാകെ റവന്യൂ വകുപ്പിൽ ക്ലർക്കായാണ് ജോലി തുടങ്ങിയത് . അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്. ജോലിയിൽ പ്രവേശിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു.
ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റിൽ നിയമനം നൽകിയത്. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.
ഓരോരുത്തരേയും എടുത്തുപറയേണ്ട കാര്യമില്ല. എല്ലാവരും ഒരുപോലെ സഹായിച്ചിട്ടുണ്ട്. ശരീരത്തിന് വിശ്രമം പറഞ്ഞിട്ടുണ്ട്. അധിക ദൂരം നടക്കാൻ പാടില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ജോലിയ്ക്ക് വരുമെന്നും ശ്രുതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റവന്യൂ വകുപ്പിൽ നിയമനം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ന് രാവിലെ എഡിഎമ്മിൻ്റെ മുന്നിലെത്തിയ ശ്രുതി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിൽ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. കുടംബത്തിലെ 9 പേരാണ് അന്ന് ഒരുമിച്ച് മരണത്തിലേക്ക് പോയത്. പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസണും മരിച്ചു.