വാഷിംഗ്ടൺ : ഗാസ പ്ലാനിനോട് ഹമാസ് എത്രയും വേഗം പ്രതികരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്.ബന്ദികളെ മോചിപ്പിക്കുന്നതിനും 20 പോയിന്റ് സമാധാന കരാർ പൂർത്തിയാക്കുന്നതിനുമായി ഗാസ മുനമ്പിലെ ബോംബാക്രമണം ഇസ്രായേൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ട്രമ്പ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
“ഹമാസ് വേഗത്തിൽ നീങ്ങണം, അല്ലെങ്കിൽ എല്ലാ കാര്യങ്ങളും അവസാനിക്കും. കാലതാമസം ഞാൻ സഹിക്കില്ല … നമുക്ക് ഇത് വേഗത്തിൽ പൂർത്തിയാക്കാം.” എന്നും ട്രമ്പ് സൂചിപ്പിച്ചു.
“ചർച്ചകൾക്ക് ശേഷം, ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാൻ സമ്മതിച്ചു. അത് ഞങ്ങൾ ഹമാസിനോടും കാണിച്ചു, അവരുമായി പങ്കിട്ടു. ഹമാസ് കൂടി ഉറപ്പിക്കുമ്പോൾ, വെടിനിർത്തൽ ഉടനടി ഫലപ്രദമാകും, ബന്ദികൾ, തടവുകാർ എന്നിവരുടെ കൈമാറ്റം ആരംഭിക്കും, അടുത്ത ഘട്ട പിൻവലിക്കലിനുള്ള സാഹചര്യങ്ങൾ ഞങ്ങൾ സൃഷ്ടിക്കും, അത് ദുരന്തത്തിന്റെ അവസാനത്തിലേക്ക് നമ്മെ അടുപ്പിക്കും. ” എന്നും ട്രമ്പ് പറയുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഈജിപ്തിൽ ഹമാസുമായുള്ള പരോക്ഷ ചർച്ചകൾ ന്നുവെന്നും , ഗാസയിൽ നിന്നുള്ള എല്ലാ ബന്ദികളെയും “വരും ദിവസങ്ങളിൽ” മോചിപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സാങ്കേതിക വിശദാംശങ്ങൾക്ക് അന്തിമരൂപം നൽകുന്നതിനായി ഈജിപ്തിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചതായും, ഈ ചർച്ചകൾ കുറച്ച് ദിവസത്തെ സമയപരിധിക്കുള്ളിൽ ഒതുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രായേൽ കരാർ പരസ്യമായി അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ ഹമാസ്, എല്ലാ ബന്ദികളെയും മോചിപ്പിക്കണം. പകരമായി, 250 ജീവപര്യന്തം തടവുകാരെയും 2023 ഒക്ടോബർ 7 ന് ശേഷം തടവിലാക്കപ്പെട്ട 1,700 ഗാസക്കാരെയും ഇസ്രായേൽ മോചിപ്പിക്കും എന്നിവ ഉൾപ്പെടുന്നതാണ് യുഎസിന്റെ ഗാസ പദ്ധതി.

