ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിന്റെ ഭൂമിയിൽ പശുക്കളെ മേയാൻവിട്ടു. വിമാനത്താവളത്തിന്റെ ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് പശുക്കളെ സ്ഥലത്ത് മേയാൻ വിട്ടത്. ഫാംലാൻഡ് ബയോഡൈവേഴ്സിറ്റി എൻഹാൻസ്മെന്റ് പ്രൊജക്ട് എന്നാണ് പദ്ധതിയുടെ പേര്. അയർലന്റിൽ ഈ വാരം ദേശീയ ജൈവവൈവിധ്യവാരമായി ആഘോഷിക്കുകയാണ്.
ആദ്യമായാണ് പദ്ധതിയിൽ പശുക്കളെ ഉപയോഗിക്കുന്നത്. അയർലന്റിലെ തനത് ഇനമായ ഡ്രോയിമിയൻ പശുക്കളെയാണ് മേയാൻ വിട്ടത്. നിലവിൽ വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് ഇത്. വിമാനത്താവളത്തിന് 10 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇവിടെയാണ് പശുക്കളെ മേയാൻ വിട്ടത്.
വിവിധ തരത്തിലുള്ള പുല്ലുകളാലും പൂക്കളാലും പിരമിഡിക്കൽ ഓർക്കിഡുകളാലും സമ്പുഷ്ടമാണ് ഇവിടം. എന്നാൽ പശുക്കൾ മേയുന്നത് ഇവയെ ദോഷമായി ബാധിക്കില്ലെന്നും പൂച്ചെടികൾ തഴച്ച് വളരാൻ സഹായകരമാകുമെന്നും അധികൃതർ പറഞ്ഞു. ചെടികളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് പശുക്കളെ ഉപയോഗിച്ചത് എന്നും അധികൃതർ വ്യക്തമാക്കി.