ഡബ്ലിൻ: അയർലന്റിൽ കുട്ടികൾ സ്വയം നിർമ്മിക്കുന്ന അശ്ലീല ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് വർദ്ധിച്ചതായി റിപ്പോർട്ടുകൾ. ഇത്തരം സംഭവങ്ങളിൽ 166 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ദി ഐറിഷ് ഇന്റർനെറ്റ് ഹോട്ട്ലൈനിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കുട്ടികളുടെ 44,955 ലൈംഗിക ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്.
കുട്ടികൾ സ്വയം നിർമ്മിക്കുന്ന ഇത്തരം ഫോട്ടോകളും വീഡിയോകളും സെൽഫ് ജനറേറ്റഡ് ചൈൽഡ് സെക്വൽ അബ്യൂസ് മെറ്റീരിയൽ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട അശ്ലീല ദൃശ്യങ്ങളിൽ 11,505 എണ്ണം സ്വയം എടുത്തത് എന്ന് തോന്നിപ്പിക്കുന്നവയാണ്. 2023 ൽ 29,197 ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ഇതിൽ 4,322 എണ്ണം കുട്ടികൾ സ്വയം എടുത്തതാണെന്ന് തോന്നിപ്പിക്കുന്നത് ആയിരുന്നു.
അതേസമയം കുട്ടികൾ നിർമ്മിക്കുന്ന അശ്ലീല ദൃശ്യങ്ങൾ എന്നതിന് അവർ ബോധപൂർവ്വം നിർമ്മിക്കുന്ന ദൃശ്യങ്ങൾ എന്ന് അർത്ഥമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഭീഷണിയ്ക്ക് വഴങ്ങിയാകാം ഒരു പക്ഷെ ഇത് ചെയ്യുന്നത്.

