നമ്മളിൽ പലരും മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പ്രഭാതഭക്ഷണത്തിനൊപ്പം മുട്ട കഴിക്കുന്നവരുമുണ്ട്. മുട്ടയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ, ഫിറ്റ്നസ് പ്രേമികളും ഇവ കൂടുതൽ കഴിക്കാൻ ഇഷ്ടപ്പെടുന്നു. ചിലർ പച്ച മുട്ട പോലും കഴിക്കാറുണ്ട്. പുഴുങ്ങിയ മുട്ട ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുമെന്ന് വിദഗ്ധരും പറയുന്നു. എന്നാൽ വെറും വയറ്റിൽ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിനു പകരം ദോഷമാകും വരുത്തുക.
ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനു പുറമേ, വിറ്റാമിൻ എ, ഡി, ഇ, ബി 12, റൈബോഫ്ലേവിൻ, ഫോളേറ്റ്, ഇരുമ്പ്, സെലിനിയം തുടങ്ങിയ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട് . ചിലർ രാവിലെ ജോലിക്ക് പോകാനുള്ള തിരക്കിൽ വെറും വയറ്റിൽ പ്രഭാതഭക്ഷണമായി മുട്ട കഴിക്കാറുണ്ട്. എന്നാൽ, ആരോഗ്യപരമായ ഗുണങ്ങൾ കണക്കിലെടുത്ത് ഇത് ഉചിതമല്ലെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.
വെറും വയറ്റിൽ മുട്ട കഴിക്കുന്നത് ചിലരിൽ ഗ്യാസ്, വയറുവേദന തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ദഹനവ്യവസ്ഥ ഇതിനകം തന്നെ ദുർബലമായ ആളുകളിലാണ് ഈ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ചില ആളുകൾക്ക് മുട്ടയോട് അലർജിയുണ്ട്. ഇത്തരക്കാർ അബദ്ധത്തിൽ പോലും വെറും വയറ്റിൽ മുട്ട കഴിക്കരുത്. എക്സിമ, ശരീരത്തിൽ വീക്കം, ഓക്കാനം, ഛർദ്ദി അല്ലെങ്കിൽ വയറിളക്കം പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.
ശ്വാസതടസം പോലും ഉണ്ടാകാനും സാധ്യതയുണ്ട്.രാവിലെ വെറും വയറ്റിൽ പച്ച മുട്ടയോ പകുതി വേവിച്ച മുട്ടയോ കഴിക്കുന്നതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അത്തരം മുട്ടകൾ കഴിക്കുന്നത് സാൽമൊണെല്ല ബാക്ടീരിയ ഉള്ളീൽ ചെല്ലാനുള്ള സാധ്യത വർധിപ്പിക്കുന്നു. മുട്ടകളിൽ കാണപ്പെടുന്ന നല്ല അളവിലുള്ള പ്രോട്ടീൻ ചിലപ്പോൾ ചില ആൻറിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറയ്ക്കും.
അത്തരമൊരു സാഹചര്യത്തിൽ, ഏതെങ്കിലും ആൻറിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.രാവിലെ പ്രഭാതഭക്ഷണത്തിന് മുട്ട മാത്രം കഴിക്കുന്നത് ശരീരത്തിലെ മറ്റ് പ്രധാന പോഷകങ്ങളുടെ കുറവിന് കാരണമാകും. നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ എപ്പോഴും നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ സമീകൃത അളവിൽ ഉൾപ്പെടുത്തുക.