ഡബ്ലിൻ ; വാട്ടർഫോർഡ് മുതൽ ഡബ്ലിൻ വരെയുള്ള റെയിൽ യാത്രകളുടെ എണ്ണം റെക്കോർഡിലേയ്ക്ക് . കഴിഞ്ഞ വർഷം ഇന്റർസിറ്റി റൂട്ടിൽ 1.92 ദശലക്ഷം യാത്രകൾ നടന്നു. കഴിഞ്ഞ വർഷം ഇത് 1.74 ദശലക്ഷമായിരുന്നുവെന്നും ഇയർൻറോഡ് ഐറാൻ പ്രഖ്യാപിച്ചു.
ഇന്റർസിറ്റി, കമ്മ്യൂട്ടർ, DART നെറ്റ്വർക്കുകളിലൂടെ നടത്തിയ മൊത്തം യാത്രകളുടെ എണ്ണത്തിൽ 2025 ഒരു റെക്കോർഡ് വർഷമാണെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സർവീസുകളിലൂടെ മൊത്തം 55.04 ദശലക്ഷം യാത്രകൾ രേഖപ്പെടുത്തി. 2024 ലെ മുൻ റെക്കോർഡായ 50.7 ദശലക്ഷത്തിൽ നിന്ന് വളരെയധികം മുന്നോട്ട് പോയതായും കണക്കുകൾ പറയുന്നു.
കഴിഞ്ഞ വർഷത്തെ കണക്കുകൾ യാത്രക്കാരുടെയും സമൂഹങ്ങളുടെയും ഇടയിൽ “ഉയർന്ന നിലവാരമുള്ളതും ഉയർന്ന ശേഷിയുള്ളതുമായ” പൊതുഗതാഗതത്തിനായുള്ള താല്പര്യത്തെ കാണിക്കുന്നുവെന്ന് ഇയർൻറോഡ് ഐറാൻ ചീഫ് എക്സിക്യൂട്ടീവ് മേരി കോൺസിഡൈൻ പറഞ്ഞു. “കൂടുതൽ സുസ്ഥിരമായ ഭാവിക്കായി റെയിൽ ശൃംഖലയിൽ കൂടുതൽ നിക്ഷേപം അനുവദിക്കുമെന്നും “ മേരി കോൺസിഡൈൻ പറഞ്ഞു.
നിലവിൽ വാട്ടർഫോർഡിലെ പ്ലങ്കറ്റ് സ്റ്റേഷന്റെ പുനർവികസനം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് 2027 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. വാട്ടർഫോർഡ് സിറ്റി, കൗണ്ടി കൗൺസിലിന്റെ നോർത്ത് ക്വേയ്സ് വികസനത്തിന്റെ ഭാഗമായാണ് പ്രവൃത്തികൾ നടക്കുന്നത്.

