ഡബ്ലിൻ ; വിദേശകാര്യ-പ്രതിരോധ മന്ത്രി ഹെലൻ മക്എൻറി ഇന്ന് പുതിയ ദേശീയ സമുദ്ര സുരക്ഷാ പദ്ധതിയ്ക്ക് സർക്കാരിന്റെ അനുമതി തേടും.വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, അയർലൻഡിന്റെ ജലാശയങ്ങളിലെ അണ്ടർസീ കേബിളുകൾക്കും ഊർജ്ജ ബന്ധങ്ങൾക്കും ചുറ്റുമുള്ള സംരക്ഷണം ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അയൽരാജ്യങ്ങളുമായും അന്താരാഷ്ട്ര പങ്കാളികളുമായും സഹകരണം ഈ മേഖലയിൽ വർദ്ധിപ്പിക്കണമെന്നും ഹെലൻ മക്എൻറിയുടെ പ്രസ്താവനയിൽ പറയുന്നു. ഇതിൽ യുകെയും ഫ്രാൻസും ഉൾപ്പെടുന്നു. കൂടാതെ യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവയുമായും തുടർന്നും ഇടപെടൽ ഉണ്ടാകും.
അതേസമയം,തീരപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും സ്വന്തമാക്കിയിരിക്കുന്ന സ്വകാര്യ കമ്പനികളുമായുള്ള അടുത്ത ബന്ധത്തിനും മുൻഗണന നൽകും. പുതിയ ദേശീയ സമുദ്ര സുരക്ഷാ കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്.പ്രതിരോധ സേനയ്ക്ക് കടലിൽ വ്യക്തമായ എൻഫോഴ്സ്മെന്റ് അധികാരങ്ങൾ നൽകുന്നതിന് നിയമനിർമ്മാണം കൊണ്ടുവരാനും നീക്കമുണ്ട്.

