കൊച്ചി: സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർന്നുവെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം . സ്പാർക്ക് സംവിധാനത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് വിവരങ്ങൾ നേടിയതെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കരുതെന്ന് നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഈ പരാമർശം നടത്തിയത്. . കേസിൽ മുഖ്യമന്ത്രി ഒഴികെയുള്ളവർക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന് എവിടെ നിന്നാണ് സന്ദേശങ്ങൾ അയയ്ക്കാനുള്ള നമ്പരുകളും മറ്റും ലഭിച്ചതെന്ന് കോടതി ആരാഞ്ഞു.
സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് മാത്രമാണ് സന്ദേശങ്ങൾ അയച്ച്തെന്ന് പറഞ്ഞ് ന്യായീകരിക്കാൻ സർക്കാർ ശ്രമിച്ചു. എന്നാൽ അങ്ങനെയല്ലെന്നും സർക്കാരിൽ നിന്ന് ഒരു ഗുണഫലവും ലഭിക്കാത്തവർക്കും സന്ദേശം ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ആർക്കും ലഭ്യമാകുന്ന വിവരമാണെങ്കിൽ സ്പാർക്കിലുള്ള ഡാറ്റയ്ക്ക് എന്തു സംരക്ഷണമാണുള്ളതെന്നും കോടതി ചോദിച്ചു
രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥരുടെ വാട്ട്സ്ആപ്പ് നമ്പറുകൾ ശേഖരിച്ചതായി ഹർജിയിൽ പറയുന്നു. സമീപ ദിവസങ്ങളിൽ, സർക്കാരിന്റെ ക്ഷേമ നടപടികൾ വിശദീകരിക്കുന്ന ഒരു സന്ദേശം സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അയച്ചു.
10 ശതമാനം ഡിഎ അനുവദിച്ച ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ ജീവനക്കാർക്ക് അവരുടെ വാട്ട്സ്ആപ്പ് നമ്പറുകളിൽ മുഖ്യമന്ത്രിയുടെ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. ശമ്പള സോഫ്റ്റ്വെയറായ സ്പാർക്കിൽ നിന്ന് ചോർന്ന ഡാറ്റ ഉപയോഗിച്ച് സ്വകാര്യ ഫോൺ നമ്പറുകളിലേക്ക് സന്ദേശങ്ങൾ കൂട്ടമായി അയച്ചതായും അത് ജീവനക്കാരുടെ സ്വകാര്യതയെ ലംഘിക്കുന്നതായും പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശം ജീവനക്കാരെ പേരെടുത്ത് പറഞ്ഞാണ് എഴുതിയത്.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ എപ്പോഴും അവരോടൊപ്പം നിൽക്കുമെന്നും അതിൽ പറയുന്നു. വരും ദിവസങ്ങളിലും ഈ പിന്തുണയും കരുതലും തുടരുമെന്നും സന്ദേശത്തിൽ പറയുന്നു

