ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണം എത്രത്തോളം പ്രധാനമാണെന്ന് പറയേണ്ടതില്ല . നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് നമ്മുടെ ആരോഗ്യം നിലനിർത്തുന്നത്. ആരോഗ്യത്തോടെയിരിക്കാൻ , ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാൻ നല്ല ഭക്ഷണം കഴിക്കുന്നതിനൊപ്പം അനാരോഗ്യകരമായ ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതും ഒരുപോലെ പ്രധാനമാണ്.
ബേക്ക് ചെയ്ത ഭക്ഷണങ്ങൾ
കുക്കികൾ, കേക്കുകൾ എന്നിവ കഴിക്കാൻ വളരെ രുചികരമാണ്. പക്ഷേ അവയിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ഇവ കഴിക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനും ഇത് ഒരു പ്രധാന കാരണമാണ്. അതിനാൽ അത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിനുപകരം, ഗോതമ്പ് മാവ് ചേർത്ത് പഞ്ചസാരയില്ലാതെ, കുറഞ്ഞ എണ്ണ ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കാം.
സോഫ്റ്റ് ഡ്രിങ്ക്സ്
നമ്മൾ സോഡ പോലുള്ള പാനീയങ്ങൾ കുടിക്കാറുണ്ട്. എന്നാൽ ചില പാനീയങ്ങളിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട് . ഇവ കുടിക്കുന്നത് താൽക്കാലിക ആശ്വാസം നൽകിയേക്കാം, പക്ഷേ അവ ശരീരഭാരം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഇവ കൂടാതെ, ഈ ഡ്രിങ്കുകളിൽ ഹൃദയാരോഗ്യത്തിന് ഹാനികരമായ കാര്യങ്ങളുമുണ്ട്.അതിനാൽ, അവ കുടിക്കാതിരിക്കുന്നതാണ് നല്ലത്.
മാംസം
ബീഫ്, ആട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹത്തിനും കാരണമാകും. കാരണം അവയിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് കൊളസ്ട്രോളിന്റെ അളവിനൊപ്പം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ, ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ, റെഡ് മീറ്റിന്റെ ഉപയോഗം കുറയ്ക്കണം
ഉപ്പ്, പഞ്ചസാര
ഭക്ഷണത്തിലെ ഉപ്പും പഞ്ചസാരയും നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. എന്നാൽ അവ പൂർണ്ണമായും ഉപേക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം, ചിലർ കഴിക്കാൻ ഇഷ്ടപ്പെടുന്ന ജങ്ക് ഫുഡുകളിൽ വിവിധ രൂപങ്ങളിൽ പഞ്ചസാരയും ഉപ്പും അടങ്ങിയിട്ടുണ്ട്. ഇവയ്ക്കൊപ്പം, അവയിൽ പൂരിത കൊഴുപ്പുകളും സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യത്തിന് ഹാനികരമാണ്, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അപകടസാധ്യതകളിലേക്ക് നയിക്കുന്നു. അതിനാൽ, ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തണമെങ്കിൽ, ഇത്തരം ഭക്ഷണങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കുന്നതാണ് നല്ലത്. പകരം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ കഴിക്കാം
അരി, ബ്രെഡ്, പാസ്ത
നമ്മൾ ദിവസവും കഴിക്കുന്ന വെളുത്ത അരിയും പാസ്തയും ചിലതരം ലഘുഭക്ഷണങ്ങളും നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. കാരണം, ഇത്തരം ഭക്ഷണങ്ങളിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടില്ല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുന്നതിനും വയറിലെ കൊഴുപ്പ്, ഹൃദയ പ്രശ്നങ്ങൾ, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും കാരണമാകും. അതിനാൽ, പകരം, തവിട്ട് അരി, ഓട്സ്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ തിരഞ്ഞെടുക്കുക.

