ആലപ്പുഴ : അമ്പലപ്പുഴയിൽ രാഷ്ട്രീയ നീക്കങ്ങൾ തകൃതിയാകുന്നു. മണ്ഡലത്തിൽ ഇത്തവണ യുഡി എഫ് സ്ഥാനാർത്ഥിയെ നിർത്തുന്നില്ല. പകരം സിപിഎമ്മിൽ നിന്ന് അകന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി സുധാകരന് പിന്തുണ നൽകാനാണ് തീരുമാനം.അമ്പലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച് സലാമാണ്.
പാർട്ടിയിൽ ചിലരുടെ അപമാനകരവും അസ്വസ്ഥതയുളവാക്കുന്നതുമായ പെരുമാറ്റമാണ് സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ കാരണമെന്നാണ് സൂചന . സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എൽ.ഡി.എഫിനും സി.പി.എമ്മിനും തിരിച്ചടിയാണ്.
സി.പി.എം വിട്ടതിന് ശേഷം സുധാകരൻ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നെങ്കിലും, അന്ന് അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യു.ഡി.എഫ് നേതാക്കൾക്കിടയിൽ സുധാകരനുള്ള പിന്തുണ ചർച്ച നടക്കുന്നുണ്ടായിരുന്നു. നേതാക്കൾ സുധാകരനുമായും ചർച്ച നടത്തി. സുധാകരനും അവരുടെ പിന്തുണ സ്വീകരിക്കാൻ സമ്മതിച്ചതോടെ അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായി. എന്നാൽ, അമ്പലപ്പുഴയിൽ സുധാകരനെതിരെ സിപിഎം വ്യാപകമായ വിമർശനം അഴിച്ചുവിടുകയാണ്.
സ്വതന്ത്രനായി തന്നെ നേരിടാൻ ഇത്രയും വലിയ കോലാഹലം ആവശ്യമുണ്ടോ എന്ന ചോദ്യം ജി സുധാകരൻ ഇന്നലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സ്വതന്ത്രനായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുധാകരനെതിരെ സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തെയും രാഷ്ട്രീയ വ്യക്തത യോഗത്തെയും കുറിച്ച് എഴുതിയ പോസ്റ്റിലായിരുന്നു ഇത്.
‘ ജി സുധാകരനെ തുറന്നു കാണിക്കാൻ എന്നു പറഞ്ഞ് അമ്പലപ്പുഴയിലെ പാർട്ടി ഭാരവാഹികൾ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അരക്കിലോമീറ്റർ പ്രകടനത്തിലും തുടർന്ന് നടന്ന പൊതുയോഗത്തിലും അക്രമാസക്തമായ ഭീഷണികളാണ് മുഴങ്ങി കേട്ടത്.
സംഘാടകരുടെ എതിരാളികൾ 700 പേർ പങ്കെടുത്തുവെന്നും അനുകൂലികൾ 2000 പേർ വരെ ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിച്ചു. യഥാർത്ഥത്തിൽ 1200 പേർ ഉണ്ടായിരുന്നു. ഇന്നത്തെ സ്ഥിതിയിൽ മോശമല്ല. എന്നാൽ ഈ അസംബ്ലി മണ്ഡലത്തിൽ 3500 ഓളം പാർട്ടി മെമ്പർമാർ ഉണ്ട്. രണ്ടര ലക്ഷത്തോളം പൊതുജനങ്ങൾ ഉണ്ട്. 700 ആയാലും രണ്ടായിരം ആയാലും പാർട്ടി മെമ്പർമാർ പകുതിപോലും പങ്കെടുത്തില്ല. പൊതുജനങ്ങൾ എത്രപേർ പങ്കെടുത്തു? 5000 പേരുടെ പ്രകടനം എന്നാണ് പ്രഖ്യാപിച്ചിരുന്നത്.
ഒരു സ്വതന്ത്രനായ എന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ? ജില്ലാ സെക്രട്ടറി നാസർ കോളേജിൽ പഠിക്കുമ്പോൾ ആദ്യം കെ എസ് യുക്കാരനായിരുന്നല്ലോ? ഡിഗ്രിക്ക് വന്നപ്പോഴാണ് എസ് എഫ് ഐ ആയത്. പിന്നീട് പാർട്ടി മെമ്പറായി. എസ്എഫ്ഐ യിലെ പാർട്ടി മെമ്പർമാരുടെ യോഗം വിളിക്കുന്നത് സെക്രട്ടറിയേറ്റ് അംഗമായ ചാർജ്കാരൻ ഞാനായിരുന്നു. ആ നാസർ ആണ് എന്നെ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.“ എന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു

