തൃശൂർ: അമ്പലപ്പുഴയിൽ ജി. സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട സി.സി. മുകുന്ദൻ എംഎൽഎയെ പിന്തുണയ്ക്കില്ലെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. ഇപ്പോൾ, നാട്ടികയിൽ സിസി മുകുന്ദനെ മത്സരിപ്പിക്കാൻ ബിജെപി പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന. യു.ഡി.എഫ് പിന്തുണച്ചില്ലെങ്കിലും മുകുന്ദൻ മത്സരരംഗത്തുണ്ടാകാൻ തീരുമാനിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത് . ബിജെപിയുടെ പിന്തുണ സ്വീകരിക്കുന്നത് പരിഗണിക്കുമെന്ന് മുകുന്ദനും അറിയിച്ചു. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അംഗത്വമെടുക്കുമെന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
സിപിഎമ്മും കോൺഗ്രസും മുകുന്ദനെ പിന്തുണയ്ക്കാത്തതിനാൽ, ആം ആദ്മി പാർട്ടിയും അദ്ദേഹത്തിനായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. പാർട്ടി നേതാക്കൾ മുകുന്ദനുമായി ചർച്ച നടത്തിയതായും വിവരങ്ങളുണ്ട്. ബിജെപിയുടെ പിന്തുണ തേടില്ലെന്ന് മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ , മാറിയ സാഹചര്യങ്ങളിൽ അദ്ദേഹം പിന്തുണ സ്വീകരിക്കുമെന്നാണ് ഒപ്പമുള്ളവർ പറയുന്നത്.
നാട്ടികയിൽ മുകുന്ദനെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ച കോൺഗ്രസ്, തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്നാൽ അദ്ദേഹത്തെ പരിഗണിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. മുകുന്ദന് എൽഡിഎഫിന്റെ വോട്ടുകൾ ലഭിച്ചാൽ അത് അവർക്ക് ഗുണം ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു. മണ്ഡലം രൂപീകരിച്ചതിനുശേഷം ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച വ്യക്തിയാണ് മുകുന്ദൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, കോൺഗ്രസിലെ അഭിഭാഷകനായ സുനിൽ ലാലൂരിനെ 28431 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

