ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരൻ വെള്ളാപ്പള്ളി നടേശനെ കാണാനെത്തി . കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പിൽ പിന്തുണ തേടാനാണ് സുധാകരൻ വെള്ളാപ്പള്ളിയെ നേരിട്ട് കണ്ടത് . എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കാണാൻ സുധാകരൻ പെരുന്നയിലേക്ക് പോകാനും സാധ്യതയുണ്ട്.
സി.പി.എമ്മുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി. സുധാകരന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചു. അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്തില്ല. അമ്പലപ്പുഴയിൽ എച്ച്. സലാമാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി.
കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വെള്ളാപ്പള്ളി നടേശൻ സുധാകരൻ പറഞ്ഞ കാര്യങ്ങൾ താൻ കേട്ടുവെന്ന് വ്യക്തമാക്കി. എന്നാൽ സുധാകരന് പിന്തുണ നൽകുന്നകാര്യത്തിൽ തനിക്ക് പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ തന്നോട് വോട്ട് ചോദിക്കുകയോ പിന്തുണ തേടുകയോ ചെയ്തിട്ടില്ലെന്നും, തന്റെ നിലപാടുകൾ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
താൻ ഇത്തവണ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സുധാകരൻ ഉറപ്പിച്ച് പറഞ്ഞു. തനിക്ക് ഇങ്ങോട്ട് ഉപദേശങ്ങൾ ഒന്നും നൽകേണ്ടതില്ലെന്നും, മത്സരിക്കാനുള്ള തീരുമാനത്തിൽ മാറ്റമിലെന്നും സുധാകരൻ പറഞ്ഞു.രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ച സുധാകരൻ തന്റെ വ്യക്തിപരമായ തീരുമാനങ്ങളെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുധാകരന് പിന്തുണ നൽകുന്നത് സംബന്ധിച്ച് യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചകൾ നടന്നിരുന്നു. സുധാകരനുമായി നേതാക്കൾ ചർച്ചകൾ നടത്തി. സുധാകരനും പിന്തുണ സ്വീകരിക്കാൻ സമ്മതിച്ചതോടെ അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായി. എന്നാൽ, അമ്പലപ്പുഴയിൽ സുധാകരനെതിരെ സിപിഎം വ്യാപക വിമർശനം അഴിച്ചുവിടുകയാണ്

