പൊതുപ്രവർത്തനരംഗത്ത് രാപ്പകൽ ഇല്ലാതെ പ്രവർത്തിക്കുന്ന നേതാവ്. ഓർമ്മവച്ച നാൾ മുതൽക്കേ ചെങ്കൊടിയേന്തി നടന്ന പ്രവർത്തകൻ. കോക്കേൻപാറയിലെ മൂന്നാം വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ഷാജി കുന്നാവിന് ലക്ഷ്യം ഒന്ന് മാത്രം. സിറ്റിംഗ് സീറ്റ് നിലനിർത്തുക. ഇതിനായി അരയും തലയും മുറിക്കിയാണ് ഷാജി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
ബാല്യം മുതൽ ഇടത് അനുഭാവിയാണ് ഷാജി.പാർട്ടിയുടെ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. പിന്നീട് ബിസിനസ് തിരക്കുകൾ കൊണ്ട് പ്രവർത്തനരംഗത്ത് നിന്ന് മാറി നിൽക്കേണ്ടി വന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും പ്രവർത്തനരംഗത്തേക്ക്.
കഴിഞ്ഞ രണ്ടുതവണയും എൽഡിഎഫിനെ തുണച്ച ജനതയാണ് മൂന്നാം വാർഡിലേത്. രണ്ട് തവണയും വമ്പിച്ച ഭൂരിപക്ഷത്തോടെയായിരുന്നു സ്ഥാനാർത്ഥികളുടെ വിജയം. ഇതേ പിന്തുണ തനിക്കും ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഷാജി ഇവിടെ നിന്നും ജനവിധി തേടുന്നത്.
മൂന്നാം വാർഡിലെ കഴിഞ്ഞ ഭരണ സമിതിയുടെ ഭാഗമായി പൊതുപ്രവർത്തന രംഗത്ത് നിരവധി സംഭാവനകൾ ഷാജി നൽകിയിട്ടുണ്ട്. റസിഡൻസ് അസോസിയേഷനുകളുടെ ഭാഗമായും വിവിധ ചാരിറ്റി സംഘടനകളുടെ ഭാഗമായും സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി. ജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് അവരിൽ ഒരാളായി പ്രവർത്തിക്കാൻ നാളിതുവരെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ജനപ്രതിനിധിയായി നാടിന് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനാണ് ഷാജി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പോക്കറ്റ് റോഡുകളുടെ വികസനവും തോടുകളുടെ ശുചീകരണവു ഷാജിയുടെ വികസന പട്ടികയിൽ ഉണ്ട്. തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ കോക്കേൻപാറയിലെ ജനങ്ങൾ തുണയ്ക്കുമെന്നാണ് ഷാജിയുടെ വിശ്വാസം.

