പൂനെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ വേവ് മൊബിലിറ്റി തങ്ങളുടെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് കാർ EVA യുടെ നവീകരിച്ച പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത മാസം ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ൽ ഈ സോളാർ കാർ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. 2023 ഓട്ടോ എക്സ്പോയിൽ ആദ്യമായി അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സോളാർ ഇലക്ട്രിക് കാറാണിത്.
നഗരത്തിൻ്റെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ കാർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ചെറിയ സ്ഥലത്ത് പോലും എളുപ്പത്തിൽ പാർക്ക് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഈ കാറിൻ്റെ വലിപ്പം.
ഒറ്റ ചാർജിൽ 250 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ കാറിന് കഴിയുമെന്നും മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലിൻ്റെ സഹായത്തോടെ ഈ കാറിന് ഒരു വർഷം 3000 കിലോമീറ്റർ വരെ ഓടാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന കാർ വെറും അഞ്ച് മിനിറ്റ് ചാർജിൽ 50 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുന്നു.സാധാരണ പെട്രോൾ കാറുകൾക്ക് കിലോമീറ്ററിന് ശരാശരി 5 രൂപ ചെലവ് വരുമ്പോൾ ഇവക്ക് ഓരോ കിലോമീറ്ററിനും 0.5 രൂപയേ ചിലവ് വരൂ. 90 ശതമാനത്തിന്റെ കുറവുണ്ടാകും.
ഈ കാറിൻ്റെ ഉയർന്ന വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്.നിലവിൽ, ഈ സോളാർ കാറിൻ്റെ വില എത്രയാണെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.