തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദങ്ങളിൽ താനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ജയറാം. പൂജ നടന്നത് തന്റെ വീട്ടിൽ വച്ചല്ലെന്നും, സ്വർണം പൂശിയ കമ്പനിയുടെ ഓഫിസിൽ വച്ചാണെന്നും , ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചിട്ടാണ് താൻ ഇതിൽ പങ്കെടുത്തതെന്നും ജയറാം പറഞ്ഞു.ഗായകൻ വീരമണിയും മറ്റ് നിരവധി പ്രമുഖരും പൂജയിൽ പങ്കെടുത്തുവെന്നും ജയറാം പറഞ്ഞു.
ചെന്നൈ അമ്പത്തൂരിലെ സ്വർണ്ണവാതിൽ നിർമ്മിച്ച കമ്പനിയുടെ ഓഫീസിൽ വച്ചാണ് പൂജ നടന്നത് . ബെംഗളൂരുവിൽ നിന്നാണ് ഉണ്ണി കൃഷ്ണൻ പോറ്റി തന്നെ വിളിച്ചത് . ശബരിമലയിലേയ്ക്ക് പോകും മുൻപ് അവിടെ വച്ചൊരു പൂജ ഉണ്ടെന്ന് പറഞ്ഞപ്പോൾ അയ്യപ്പഭക്തൻ എന്ന നിലയിൽ അവിടെ എത്തുകയായിരുന്നു. അതൊരു മഹാഭാഗ്യമായാണ് കരുതിയത് . വിവാദമാകുമെന്ന് കരുതിയില്ല.
വീരമണി സ്വാമിയെ വിളിച്ചതും താനാണ് . വീരമണി പാട്ടുപാടുകയും, താൻ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. പൂജയി താൻ ദക്ഷിണയൊന്നും നൽകിയില്ല . പൂജ ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമാണ് താൻ ചെയ്തത്. താൻ പങ്കെടുക്കുന്ന പൂജയിലൂടെ അയ്യപ്പനെ കൊണ്ടുപോകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും ജയറാം പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചുള്ള പരിചയമാണെന്നും, എല്ലാ വർഷവും മകരവിളകിന് കാണാറുണ്ടെന്നും ജയറാം പറഞ്ഞു.സമൂഹവിവാഹം, സൈക്കിൾ വിതരണം തുടങ്ങി പോറ്റിയുടെ മറ്റ് പ്രവർത്തനങ്ങൾക്കും അദേഹം തന്നെ വിളിക്കാറുണ്ട്. ശബരിമലയിലേയ്ക്കുള്ള സ്വർണ്ണപ്പാളിയോ, സ്വർണ്ണവാതിലോ വീട്ടിലേയ്ക്ക് കൊണ്ടുവന്നിരുന്നോ എന്ന ചോദ്യത്തിന് “അങ്ങനെയുള്ള ഭാഗ്യം ആരെങ്കിലും വേണ്ടെന്നുവയ്ക്കുമോ?” എന്നാണ് ജയറാം മറുപടി നൽകിയത്.

