തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ മകനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് . കുട്ടിയുടെ അമ്മ കൃഷ്ണപ്രിയ നൽകിയ രഹസ്യമൊഴിയുടെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടു. കുട്ടിയുടെ പിതാവ് ഷിജിൻ കൊടുംകുറ്റവാളിയാണെന്നും , സെക്സ് ചാറ്റുകളിൽ സജീവമാണെന്നും പൊലീസ് കണ്ടെത്തി .
ഭാര്യയുമായുള്ള ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ഷിജിൻ കുട്ടിയെ മർദ്ദിച്ചതായും കൃഷ്ണ പ്രിയ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മറ്റുള്ള സ്ത്രീകളുമായുള്ള ബന്ധവും, ലൈംഗിക ചാറ്റും വിലക്കിയതിലെ വിദ്വേഷം കുട്ടിയോട് കാണിക്കുന്നുണ്ടായിരുന്നുവെന്നും കൃഷ്ണപ്രിയ പറഞ്ഞു. ലൈംഗിക ചാറ്റുകൾക്കായി വാട്ട്സ്ആപ്പിൽ ഷിജിന് ഒരു പ്രത്യേക ഗ്രൂപ്പ് പോലും ഉണ്ടായിരുന്നു. കുട്ടിയുമായി ഉറങ്ങുമ്പോഴെല്ലാം അയാൾ പുതപ്പ് കൊണ്ട് കുഞ്ഞിന്റെ മുഖം മൂടുമായിരുന്നു. ഷിജിൻ തന്റെ മകനെ ഇങ്ങനെ പീഡിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വീട്ടിൽ താനും കുട്ടിയും നിരന്തരം പീഡനം അനുഭവിച്ചിരുന്നുവെന്നും കൃഷ്ണ പ്രിയ പറഞ്ഞു.
കൊലപാതകം നടന്ന രാത്രിയിൽ ഷിജിൻ കൃഷ്ണപ്രിയയോടൊപ്പം ഇരുന്നപ്പോൾ കുട്ടി കരഞ്ഞു. ഇതോടെ പ്രതി കുട്ടിയുടെ കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറ്റിൽ അടിച്ചു. ഇതിനുശേഷം കുട്ടിക്ക് വളരെയധികം അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാൽ ഷിജിൻ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും സമ്മതിച്ചില്ലെന്ന് കൃഷ്ണപ്രിയ മൊഴി നൽകി. നിർബന്ധിച്ച ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും അവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും കൃഷ്ണപ്രിയ മൊഴി നൽകിയിട്ടുണ്ട്.
മകന്റെ ഒരു ചിത്രം പോലും ഷിജിൻ ഫോണിൽ സൂക്ഷിച്ചിരുന്നില്ലെന്നും മകന്റെ ഒടിഞ്ഞ കൈയുടെ ചിത്രം മാത്രമേ അയാളുടെ ഫോണിൽ ഉണ്ടായിരുന്നുള്ളൂവെന്നും പോലീസ് പറഞ്ഞു.നെയ്യാറ്റിന്‍കര കവളാകുളത്ത് വാടക വീട്ടിൽ താമസിക്കുന്ന ഷിജിന്റെയും കൃഷ്ണപ്രീയയുടെയും മകൻ ഇഹാൻ കഴിഞ്ഞ പതിനാറിനാണ് മരിച്ചത്. വായിൽ നുരയും പതയും വന്ന നിലയിൽ ആദ്യം ഇഹാനെ നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് അയച്ചെങ്കിലും അവിടെ എത്തും മുന്‍പ് കുഞ്ഞ് മരിച്ചു.

