കൊച്ചി : ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായി ഭഗവാനെ സേവിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . ബോർഡിന്റെ ചെയർമാനായി ഗുരുവായൂരപ്പനെ സേവിക്കണമെന്നും അദ്ദേഹത്തെ സേവിക്കുന്നതിനിടയിൽ മരിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ അഭിലാഷമെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചുകൊണ്ട് എനിക്ക് മരിക്കണം. അത്രയേ എനിക്ക് ആഗ്രഹമുള്ളൂ. അതിനപ്പുറം ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് പറയുന്നതിൽ ഒരു കുഴപ്പമില്ലെന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽ, ഉത്തരേന്ത്യയിലെ എല്ലാ പത്രങ്ങളും സുരേഷ് ഗോപി രാജിവച്ചതായി എഴുതും. ഞാൻ ഗുരുവായൂർ ദേവസ്വം ചെയർമാനായി സേവനമനുഷ്ഠിക്കാൻ പോയി എന്ന് എഴുതും. ഇതെല്ലാം ഒരു വലിയ പ്രശ്നമാക്കും. ജീവിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയായി മാറിയിരിക്കുന്നു,’ സുരേഷ് ഗോപി പറഞ്ഞു.
ഇന്നത്തെ സ്ത്രീകൾ വികസനത്തിന്റെ ഗുണഭോക്താക്കൾ മാത്രമല്ല, ഇന്ത്യയുടെ പുരോഗതിയുടെ ശിൽപികളായി മാറിയിരിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സ്ത്രീ ശാക്തീകരണം എന്നാൽ അവർക്ക് അധികാരം നൽകുന്നതല്ല, മറിച്ച് അവരിലുള്ള ശക്തിയെ തിരിച്ചറിയുക എന്നതാണ് പ്രധാനം . സ്വയംപര്യാപ്തവും വികസിതവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ നേതൃത്വവും പങ്കാളിത്തവും നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ജന്മം ശബരിമലയിലെ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്നത് തന്റെ ആഗ്രഹമാണെന്ന് മുൻപ് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട് . അത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

