ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 19 ഓളം പേർ കൊല്ലപ്പെട്ടു. പാകിസ്ഥാനിൽ അടുത്തിടെയുണ്ടായ ചാവേർ ബോംബാക്രമണങ്ങൾക്ക് ഉത്തരവാദികളായ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം . നിരവധി പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
‘ഇന്നലെ രാത്രി, അവർ നംഗർഹാർ, പക്തിക പ്രവിശ്യകളിലെ നമ്മുടെ ആളുകളെ ബോംബെറിഞ്ഞു, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ രക്തസാക്ഷികളാക്കുകയും ചിലർക്ക് പരിക്കേക്കുകയും ചെയ്തു,’ അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് എക്സിലെ പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച റമദാൻ ആരംഭിച്ചതിനുശേഷം മൂന്ന് ആക്രമണങ്ങൾ നടന്നതായി പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ എക്സിലെ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിന് പ്രത്യാക്രമണമാണ് പാകിസ്ഥാൻ നടത്തിയതെന്നാണ് സൂചന.
‘അതിർത്തി മേഖലയിലെ പാകിസ്ഥാൻ താലിബാന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഏഴ് ഭീകര ക്യാമ്പുകളും ഒളിത്താവളങ്ങളും പാകിസ്ഥാൻ ഇന്റലിജൻസ് ലക്ഷ്യം വച്ചിട്ടുണ്ട്,’ അത്തൗല്ല തരാർ പറഞ്ഞു. പാകിസ്ഥാന്റെ അപ്രതീക്ഷിത സൈനിക നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
അതിർത്തി കടന്നുള്ള ഭീകരതയെച്ചൊല്ലി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇതിനകം തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. പാകിസ്ഥാനിലെ ജനവാസ മേഖലകളെയും സൈനികരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ ഉറവിടം അതിർത്തിക്കപ്പുറത്താണെന്ന അവകാശവാദത്തിൽ പാകിസ്ഥാൻ ഉറച്ചുനിൽക്കുന്നു. പാകിസ്ഥാന്റെ വ്യോമസേന ജെറ്റുകൾ ഒരു മതപഠന കേന്ദ്രത്തെ ലക്ഷ്യമിട്ടതായും സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബെർമൽ ജില്ലയിൽ ആക്രമണം നടത്തുകയും നംഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിൽ ഒന്നിലധികം വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തു. പക്തികയിലെ അർഘൂണിലും നംഗർഹാറിലെ ബെഹ്സോദ്, ഘാനി ഖേൽ ജില്ലകളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

