പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണക്കേസിൽ സൂത്രധാരനും, മുഖ്യപ്രതിയുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘം . ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എആർ ക്യാമ്പിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് . ഇന്ന് അന്വേഷണ സംഘം പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തെ പുളിമാത്തെ വസതിയിൽ നിന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക സ്വർണ്ണപ്പാളികൾ സ്പോൺസർ ചെയ്യുകയും ഇലക്ട്രോപ്ലേറ്റിംഗിന്റെ മറവിൽ അവയിൽ നിന്ന് സ്വർണ്ണം എടുക്കുകയും ചെയ്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കി. അദ്ദേഹത്തിന്റെ സഹായിയായ കൽപേഷിനെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്.
2019 ലെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എല്ലാ അംഗങ്ങളെയും കേസിൽ പ്രതികളാക്കി. അന്നത്തെ ദേവസ്വം കമ്മീഷണർ എൻ വാസു, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് 475 ഗ്രാം സ്വർണ്ണം കാണാതായെന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കേരള ഹൈക്കോടതി ഒക്ടോബർ 10 നാണ് എസ്ഐടിയോട് നിർദ്ദേശിച്ചത്. ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് എസ്ഐടിയോട് നിഷ്പക്ഷമായ അന്വേഷണം നടത്തി ആറ് ആഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു.
ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ (പോലീസ് സൂപ്രണ്ട്) സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി നിർദ്ദേശം പുറപ്പെടുവിച്ചത്. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിലെ ‘ദ്വാരപാലക’ വിഗ്രഹങ്ങൾ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ടാണ് ആദ്യം അന്വേഷണം ആരംഭിച്ചതെന്ന് ബെഞ്ച് പറഞ്ഞു.എന്നാൽ റിപ്പോർട്ടിലെ വസ്തുതകൾ മറ്റ് ഗുരുതരമായ ക്രമക്കേടും വെളിപ്പെടുത്തുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.ഏകദേശം 474.9 ഗ്രാം സ്വർണ്ണം സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ സ്വർണ്ണം തിരുവിതാംകൂർ ദേവസ്വം ബോർഡിന് (TDB) വീണ്ടും നൽകിയതായി രേഖകളിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി.

