തിരുവനന്തപുരം : ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം .അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മേഘ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത് .ഐബിയിലും പോലീസിലും മേഘയുടെ ബന്ധുക്കൾ പരാതി നൽകി . സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥനുമായുള്ള ബന്ധം തകർന്നതിനെത്തുടർന്നുണ്ടായ വിഷമമാണ് മേഘയെ ആത്മഹത്യയെ നയിച്ചതെന്നാണ് പരാതിയിൽ പറയുന്നത് .
പത്തനംതിട്ട സ്വദേശിയാണ് മേഘ . തിങ്കളാഴ്ച രാവിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ മേഘ സമയം ഏറെയായിട്ടും വീട്ടിൽ എത്തിയിരുന്നില്ല . തുടർന്ന് നടന്ന അന്വേഷണത്തിലാണ് വിമാനത്താവളത്തിനടുത്തുള്ള ചാക്കയിലെ റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. മേഘയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും, മലപ്പുറത്തുനിന്നുള്ള ഐ.ബി. ഉദ്യോഗസ്ഥനുമായി പ്രണയമുണ്ടായിരുന്നുവെന്നും വീട്ടുകാർ പറയുന്നു . ഇത് മേഘ കുടുംബാംഗങ്ങളിൽ പലരോടും പറഞ്ഞിട്ടുമുണ്ട്.
മേഘയുടെ കുടുംബം ആദ്യം ഈ ബന്ധത്തെ എതിർത്തിരുന്നുവെങ്കിലും പിന്നീട് അവർ അത് അംഗീകരിക്കുകയും വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, മേഘ പ്രണയിച്ച ഐ.ബി. ഉദ്യോഗസ്ഥൻ ബന്ധത്തിൽ നിന്ന് പിന്മാറിയെന്നാണ് സൂചന.അതേസമയം, പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

