ഡബ്ലിൻ: ഇറാനിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അയർലൻഡിന്റെ സൈബർ സുരക്ഷാ മേധാവി. കഴിഞ്ഞ ആഴ്ച കോർക്കിലെ സ്ഥാപനത്തിന് നേരെ സൈബർ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇനിയും സമാനമായ സാഹചര്യങ്ങൾ ഉണ്ടാകാമെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ഡയറക്ടർ റിച്ചാർഡ് ബ്രൗൺ പറഞ്ഞു.
പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതോടെ അയർലൻഡിന്റെ സൈബർ സുരക്ഷ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. സേവനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഒരു വ്യവസ്ഥാപിതവും ആഗോളവുമായ ശൃംഖലയെയാണ് അയർലൻഡ് ആശ്രയിക്കുന്നത്. സ്ട്രൈക്കറിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയാം. മറ്റ് പല മേഖലകളിലും ഇത്തരം കാര്യം സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച മെഡിക്കൽ ടെക്നോളജി കമ്പനിയായ സ്ട്രൈക്കറിന്റെ കോർക്ക് ബേസിലാണ് സൈബർ ആക്രമണം ഉണ്ടായത്.

