കേരള കോൺഗ്രസിന്റെ രാഷ്ട്രീയതട്ടകം പാല. കുടിയേറ്റ കർഷകരുടെ ആവലാതികളെയും, ആത്മവിശ്വാസത്തെയും കരുത്താക്കി വളർന്ന ഹൈറേഞ്ച് സിറ്റിയാണ് പാല . കേരള രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ് അരനൂറ്റാണ്ടിലേറെ തലയുയർത്തി നിന്ന അതികായൻ കെ മാണിയുടെ സ്വന്തം മണ്ഡലമാണിത്. പാലയുടെ ചരിത്രം മാണിയുടെയും, കേരള കോൺഗ്രസിന്റെയും ചരിത്രം കൂടിയാണ്.
ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണെങ്കിലും, കിഴക്കൻ മലനിരകളേക്കാൾ മധ്യകേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങളോടാണ് പാലാ കൂടുതൽ ചേർന്ന് നിൽക്കുന്നത്. രാഷ്ട്രീയ പ്രബുദ്ധതയും സാമൂഹിക സ്വാധീനവുമുള്ള ഇവിടുത്തെ വോട്ടർമാർക്ക് തങ്ങളുടെ തീരുമാനങ്ങൾ രാഷ്ട്രീയ ഗതിവിഗതികളെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായ ബോധ്യമുണ്ട്.
പാലാ മുനിസിപ്പാലിറ്റിയെക്കൂടാതെ മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും ചേർന്നതാണ് പാലാ നിയമസഭാമണ്ഡലം.
1965ൽ പാലായിലെ ജനങ്ങൾ അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയാക്കി. എന്നാൽ അത്തവണ സഭ ചേർന്നില്ല. 1967 മുതൽ തുടർച്ചയായി 12 തവണ (51 വർഷം) അദ്ദേഹം പാലാ എംഎൽഎയായി.രേ മണ്ഡലത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ (13), ഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം വഹിച്ച എംഎൽഎ (24 വർഷം), ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം (12), കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 തവണ), ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം 8 മാസം) നിയമവകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രി തുടങ്ങിയവ കെ.എം.മാണി കേരള രാഷ്ട്രീയത്തിൽ സൃഷ്ടിച്ച റെക്കോർഡുകളാണ്
പാലായിൽ വിജയിക്കാൻ സഭയുടെയും സമുദായങ്ങളുടെയും പിന്തുണയ്ക്കൊപ്പം തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനമുള്ള നേതാവ് എന്ന പ്രതിച്ഛായയും ആവശ്യമാണ്. വോട്ടർമാർ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുള്ള നേതൃത്വത്തിനാണ് വോട്ട് ചെയ്യുന്നത്. മറ്റ് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിലപേശൽ ശേഷിയുള്ള രാഷ്ട്രീയ നേതൃത്വത്തെയാണ് പാലാ ആഗ്രഹിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തന്നെ ഉന്നതവിദ്യാഭ്യാസം, മികച്ച ആരോഗ്യ സേവനങ്ങൾ, സ്ഥാപനങ്ങളുടെ വളർച്ച എന്നിവയിലാണ് ഇവിടുത്തെ വോട്ടർമാർക്ക് താല്പര്യം.
ഒരുകാലത്ത് ഇടതുപക്ഷത്തിന് പ്രവേശനമില്ലാതിരുന്ന പാലായിൽ ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്നത് മണ്ഡലത്തിലുണ്ടായ മാനസികമായ രാഷ്ട്രീയ മാറ്റത്തെ സൂചിപ്പിക്കുന്നു.അറുപതു വര്‍ഷത്തിനിടെ പലതവണയായി പത്തിലേറെ തവണ പിളരുകയും ചെയ്ത പാർട്ടിയാണ് കേരള കോൺഗ്രസ് . 1964ല്‍ ആര്.ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി.ചാക്കോയുടെ രാജിയും വിവാദങ്ങളും ഒടുവില്‍ അദ്ദേഹത്തിന്റെ മരണവുമാണു കേരള കോണ്‍ഗ്രസിന്റെ ജനനത്തിനു വഴിതെളിച്ചത് .
ശങ്കര്‍ മന്ത്രിസഭയ്ക്കെതിരായ അവിശ്വാസ പ്രമേയത്തെ 1964 സെപ്റ്റംബര്‍ എട്ടിനു കെ.എം.ജോര്‍ജിന്റെ നേതൃത്വത്തിലുള്ള 15 എംഎല്‍എമാര്‍ പിന്തുണച്ചതോടെയാണു കോണ്‍ഗ്രസിലെ പിളര്‍പ്പിനു കളമൊരുങ്ങിയത്. വിഘടിച്ച ഗ്രൂപ്പ് 1964 ഒക്ടോബര്‍ ഒൻപതിനു കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. കോട്ടയം തിരുനക്കര മൈതാനത്തു നടന്ന സമ്മേളനത്തില്‍ മന്നത്തു പദ്മനാഭനാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. പിന്നീടങ്ങോട്ട് പാർട്ടി പല തവണ പിളർന്നു. കെ എം മാണിയുടെ മകൻ ജോസ് കെ മാണിയും പിതാവിന്റെ വഴിയിൽ രാഷ്ട്രീയത്തിലെത്തി.
ഇന്ന് പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങുന്നത് ജോസ് കെ മാണിയാണ്. അപ്പന്റെ മകൻ എന്ന പേരാണ് തനിക്ക് നേട്ടമാകുന്നതെന്ന വിശ്വാസമാണ് ജോസ് കെ മാണിയ്ക്കുള്ളത് . എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ: ഷോണ്‍ ജോര്‍ജാണ്. മോദിജിക്ക് വേണ്ടിയാണ് വോട്ട് ചോദിക്കുന്നതെന്നാണ് ഷോൺ പറയുന്നത് . സിറ്റിങ് എംഎൽഎ മാണി സി.കാപ്പൻ യുഡിഎഫ് സ്വതന്ത്രനായി എത്തുമ്പോൾ ഇവിടെ മത്സരം കനക്കുന്നു.
കേരള രാഷ്ട്രീയത്തിലെ സുപ്രധാനമണ്ഡലങ്ങളിലൊന്നാണ് പാല . സംസ്ഥാനത്തിന്റെ വിധിയെഴുതുന്ന മണ്ഡലങ്ങളിലൊന്ന്. ഇത്തവണ ഈ ഹൈറേഞ്ച് സിറ്റി ആർക്കൊപ്പമാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം.

