നേമം , അപ്രതീക്ഷിത ട്വിസ്റ്റുകൾക്ക് അരങ്ങായ നിയമസഭാമണ്ഡലം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്.ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലമാണ് നേമം.
1957 ൽ സിപിഐയുടെ എം സദാശിവനെ കേരളത്തിന്റെ നിയമസഭയിലേയ്ക്ക് അയച്ച മണ്ഡലം . പിന്നീടങ്ങോട്ട് എൽഡിഎഫിനും , യുഡിഎഫിനുമൊപ്പം നിന്നു. 1982 ൽ കെ കരുണാകരനെയും നേമം ജയിപ്പിച്ചു. 2001 ലും, 2006 ലും എൻ ശക്തൻ നേമത്തെ പ്രതിനിധീകരിച്ചപ്പോൾ 2011 ൽ വി ശിവൻ കുട്ടി ജയിച്ചു കയറി. 2016 ൽ ആദ്യമായി ബിജെപിയുടെ ഒ രാജഗോപാൽ നേമത്തുകാരുടെ മനസിൽ കയറിപ്പറ്റി. എന്നാൽ 2021 ൽ വീണ്ടും ചായ്വ് ഇടത്തോട്ടായി. ശിവൻ കുട്ടി വീണ്ടും അങ്കം ജയിച്ചു.
ഇത്തവണയും നേമത്ത് പോരാട്ടം മുറുകുകയാണ്. മൂന്ന് മുന്നണികൾക്കും ഒരുപോലെ സാധ്യതയുള്ള മണ്ഡലമാണ് നേമം. എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഇത്തവണയും വി. ശിവൻകുട്ടിയാണ് മത്സരിക്കുന്നത്. എൻ ഡി എയിൽ നിന്ന് രാജീവ് ചന്ദ്രശേഖറും പോരാട്ടത്തിനുണ്ട്. കോൺഗ്രസിൽ നിന്ന് ശബരീനാഥും പോരാടാൻ ഇറങ്ങിക്കഴിഞ്ഞു.
ഒ രാജഗോപാലിന്റെ കാലത്ത് നേമത്ത് നടന്ന വികസനങ്ങളും 2021 മുതലുള്ള തന്റെ കാലത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും താരതമ്യം ചെയ്താണ് ശിവൻ കുട്ടി വോട്ട് തേടുന്നത് . വികസനകാര്യങ്ങളില്‍ തുറന്ന സംവാദത്തിന് താന്‍ തയ്യാറാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. പക്ഷേ സിപിഎമ്മിൻ്റെയും കോണ്‍ഗ്രസിന്റേയും തരം താണ പ്രചാരണങ്ങള്‍ക്ക് നിന്നു കൊടുക്കാന്‍ താന്‍ തയാറല്ലെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്.
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 22,126 വോട്ടിന്റെ ലീഡും തദ്ദേശതിരഞ്ഞെടുപ്പില്‍ 7,913 വോട്ടിന്റെ ലീഡും ബിജെപിക്കു നല്കിയ ആത്മവിശ്വാസത്തിലാണ് രാജീവ്.2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന് ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയത് നേമം നിയോജകമണ്ഡലത്തില്‍ നിന്നായിരുന്നു. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതിനാല്‍ കെ എസ് ശബരീനാഥന് വൈകിയാണ് പ്രചാരണ രംഗത്തേക്ക് എത്തുന്നത്. എങ്കിലും ഭരണവിരുദ്ധവികാരം വോട്ടാകുമെന്നാണ് ശബരീനാഥിന്റെ പ്രതീക്ഷ. കോണ്‍ഗ്രസിനായി രണ്ടു തവണ മണ്ഡലം നിലനിര്‍ത്തിയ എന്‍.ശക്തന് 2011 ല്‍ കാട്ടാക്കടയിലേക്കു മാറിയതോടെയാണ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം തകര്‍ന്നു തുടങ്ങിയത്. 2011ല്‍ യുഡിഎഫിനായി മത്സരിച്ച എസ്ജെഡി സ്ഥാനാര്‍ഥി നേടിയത് 20,248 വോട്ട്. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ജെഡിയു സ്ഥാനാര്‍ഥി വി.സുരേന്ദ്രന്‍പിള്ളയ്ക്കു ലഭിച്ചത് 13,860 വോട്ടും.
നിയമസഭാ തിരഞ്ഞെടുപ്പു മത്സരത്തിലെ കണക്കെടുത്താല്‍ വന്‍വളര്‍ച്ചയാണ് നേമത്തു ബിജെപി നേടിയിരിക്കുന്നത്. 2006ല്‍ മലയിന്‍കീഴ് രാധാകൃഷ്ണന് മത്സരിക്കുമ്പോള്‍ ബിജെപിക്കു നേമത്തു ലഭിച്ചത് വെറും 6,705 വോട്ടായിരുന്നു. പത്തു വര്‍ഷം കഴിഞ്ഞ് 2016ല്‍ ഒ.രാജഗോപാല്‍ കളത്തിലിറങ്ങിയപ്പോള്‍ കിട്ടിയത് 67,813 വോട്ട്. എന്നാൽ തോറ്റ് പിന്മാറാൻ താൻ ഒരുക്കമല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ശിവൻ കുട്ടി. വിജയത്തിൽ കുറഞ്ഞൊന്നും താൻ പ്രതീക്ഷിക്കുന്നില്ലെന്നാണ് ശബരീനാഥിന്റെ നിലപാട്. നേമം ആരെടുക്കുമെന്ന് കാത്തിരുന്ന് കാണാം.

