കോഴിക്കോട്: ലഹരിക്കടിമയായ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ ഷിബില മരിച്ച കേസിൽ പൊലീസിനെതിരെ നടപടി. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ കെ നൗഷാദിനെ സസ്പെൻഡ് ചെയ്തു.
യാസിറിനെതിരെ ഷിബില നൽകിയ ഗാർഹിക പീഡന പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് കാട്ടിയാണ് നടപടി. താമരശ്ശേരിക്കടുത്ത് പുതുപ്പാടി സ്വദേശിയായ ഷിബില (23) നെ മാർച്ച് 18 നാണ് ഭർത്താവ് യാസിർ കുത്തിക്കൊലപ്പെടുത്തിയത് . ഷിബിലയുടെ മാതാപിതാക്കളായ അബ്ദു റഹ്മാൻ (50), ഹസീന (43) എന്നിവരെയും യാസിർ ആക്രമിച്ചു.
ഷിബിലയുടെ കുടുംബം നൽകിയ പരാതി പോലീസ് അവഗണിച്ചതായി ആരോപണം ഉയർന്നിരുന്നു . ഫെബ്രുവരി 28 ന് ഷിബില പോലീസിനെ സമീപിക്കുകയും, യാസിർ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും മയക്കുമരുന്നിന് അടിമയാണെന്നും പരാതി നൽകിയിരുന്നു.പോലീസ് ഉടനടി നടപടിയെടുത്തിരുന്നെങ്കിൽ തന്റെ മകൾ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ പാറക്കണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
യാസിർ തന്നെ ആക്രമിക്കുന്നുണ്ടെന്നും മയക്കുമരുന്നിന് അടിമയാണെന്നും ഷിബില തന്റെ പരാതിയിൽ വ്യക്തമായി പറഞ്ഞിട്ടും, പോലീസ് ഒരു തവണ മാത്രമേ ഇരു കക്ഷികളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഇക്കാര്യങ്ങൾ അന്വേഷിച്ചുള്ളൂ. തുടർ നടപടികളൊന്നും സ്വീകരിച്ചില്ല- എന്നും ഷിബിലയുടെ കുടുംബം പറഞ്ഞു.

