ന്യൂഡൽഹി: രാജ്യത്തെ അടുത്ത നാല് എയിംസുകളിൽ ഒന്ന് കേരളത്തിന് നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകി. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയർ സെക്രട്ടറി അങ്കിത മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെയും തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളുടെയും നവീകരണത്തിനായി സംസ്ഥാനത്തിന് പ്രത്യേക ഫണ്ട് നൽകും. എയിംസിനായി കേരള സർക്കാർ നിർദ്ദേശിച്ച സ്ഥലത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ദേശീയ പാതകളുടെ സാമീപ്യവും വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഒരു സംഘം കോഴിക്കോട് സന്ദർശിക്കും.
പാർലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷം സംഘം സ്ഥലം സന്ദർശിക്കാൻ സാധ്യതയുണ്ട്. എയിംസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കെ.വി. തോമസ് പറഞ്ഞു.

