ടെൽ അവീവ്: മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവാറിന്റെ സഹോദരനും ഹമാസ് ഉന്നത കമാൻഡറുമായ മുഹമ്മദ് സിൻവാറും കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച തങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രൈഇൽ കാറ്റ്സ് വ്യക്തമാക്കി. ഗാസയിലെ ഒരു തുരങ്കത്തിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയതായും ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു.
ഖാൻ യൂനിസിലെ യൂറോപ്യൻ ഹോസ്പിറ്റലിന്റെ സമീപ പ്രദേശത്ത് വെച്ചാണ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടത്. യഹിയ സിൻവാറിന്റെ ഇളയ സഹോദരനായിരുന്നു മുഹമ്മദ് സിൻവാർ. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ദക്ഷിണ ഗാസയിൽ വെച്ച് ഇസ്രയേൽ സൈന്യം യഹിയ സിൻവാറിനെ കൊലപ്പെടുത്തിയത്.
ഖാൻ യൂനിസിലെ യൂറോപ്യൻ ഹോസ്പിറ്റലിന്റെ അടിയിൽ ഭൂഗർഭ അറയുണ്ടാക്കി അതിൽ ഹമാസ് ഭീകരർ ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് വിവരങ്ങൾ ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് അവിടെ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേനകൾ വ്യക്തമാക്കി.
മുഹമ്മദ് സിൻവാറിന്റെ മൃതദേഹത്തിനൊപ്പം ഇയാളുടെ മുഖ്യ കൂട്ടാളികളായ പത്ത് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി സൗദി മാധ്യമം അൽ ഹദാത്ത് റിപ്പോർട്ട് ചെയ്തു. ഹമാസിന്റെ റാഫ ബ്രിഗേഡ് കമാൻഡർ മുഹമ്മദ് ശബാനയും മുഹമ്മദ് സിൻവാറിനൊപ്പം കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റതായി പലസ്തീനിയൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
ഹമാസ് ഉന്നത കമാൻഡർ മുഹമ്മദ് ദെയ്ഫിനെ കഴിഞ്ഞ ജൂലൈയിൽ ഇസ്രയേൽ സേന വകവരുത്തിയതിന് ശേഷം ആ പദവിയിലേക്ക് വന്ന ഭീകരനായിരുന്നു മുഹമ്മദ് സിൻവാർ. യഹിയ സിൻവാറിന്റെ മരണത്തിന് ശേഷം ഗാസ മുനമ്പിലെ ഹമാസിന്റെ പരമാധികാരിയായിരുന്നു മുഹമ്മദ് സിൻവാർ.
ഗാസയുടെ നിലവിലെ ദുരവസ്ഥയ്ക്ക് കാരണമായ യുദ്ധത്തിന് തുടക്കമിട്ട 2023 ഒക്ടോബറിലെ ഇസ്രയേൽ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്നു യഹിയ സിൻവാർ. യഹിയക്ക് പിന്നാലെ മുഹമ്മദിനെയും വധിക്കാൻ സാധിച്ചത് ഇസ്രയേൽ സേനയെ സംബന്ധിച്ച് വലിയ നേട്ടമാണ്.
1975ൽ ഖാൻ യൂനിസിൽ ജനിച്ച മുഹമ്മദ് സിൻവാർ, ജ്യേഷ്ഠൻ യഹിയയുടെ പാത പിന്തുടർന്ന് എൺപതുകളുടെ അവസാന കാലത്ത് തന്നെ ഹമാസിന്റെ ഭാഗമായി. ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ 91ൽ ഇസ്രയേലിന്റെ പിടിയിലായ മുഹമ്മദ് പിന്നീട് കുറച്ചുകാലം ജയിലിലായിരുന്നു. തൊണ്ണൂറുകളിൽ റാമള്ളയിലും ഇയാൾ തടവിൽ കഴിഞ്ഞിട്ടുണ്ട്. 2006ൽ ഇസ്രയേൽ സൈനികൻ ഗീലാദ് ഷാലിതിനെ തട്ടിക്കൊണ്ട് പോയ ഹമാസ് സംഘത്തിലും മുഹമ്മദ് സിൻവാർ അംഗമായിരുന്നു.

