അബുദാബി ; ഇറാൻ മിസൈൽ അക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്ക് . സാമ്പത്തിക മേഖലയായ അബുദാബി (കെസാഡ്)യ്ക്ക് സമീപം ബാലിസ്റ്റിക് മിസൈൽ തടഞ്ഞതിനെ തുടർന്ന് അവശിഷ്ടങ്ങൾ വീണാണ് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റത് . വ്യോമ പ്രതിരോധ സംവിധാനങ്ങൾ ബാലിസ്റ്റിക് മിസൈൽ “വിജയകരമായി തടഞ്ഞു “ എന്നും അബുദാബി മീഡിയ ഓഫീസ് എക്സിൽ വ്യക്തമാക്കി. ഇന്ത്യക്കാർക്ക് നേരിയ പരിക്കുകൾ മാത്രമാണുള്ളതെന്നാണ് സൂചന.
വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും അധികൃതർ പൗരന്മാരോട് നിർദ്ദേശിച്ചു. “ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നു.” അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. ആക്രമണത്തിൽ രണ്ടിടത്തായി തീപ്പിടിത്തവും ഉണ്ടായി
നേരത്തെ, യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് കൊല്ലപ്പെട്ട രണ്ട് പേരിൽ ഒരു ഇന്ത്യൻ പൗരനും ഉൾപ്പെട്ടിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഏഴായി.

