ഡബ്ലിൻ: അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്തായി ഐറിഷ് മലയാളിയും ഡൺലേരി കൗണ്ടി കൗൺസിൽ അംഗവുമായ തോമസ് ജോസഫ്. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽവച്ച് ചീഫ് ജസ്റ്റിസ് ഡൊണാൾഡ് ഒ ഡൊണാൾഡ് നിയമനം സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. ഇടുക്കി ഉപ്പുതോട് വേഴമ്പശ്ശേരി കുടുംബാംഗമാണ് തോമസ് ജോസഫ്. അയർലൻഡിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വംശജൻ ഈ പദവി അലങ്കരിക്കുന്നത്.
കമ്മീഷണർ ഓഫ് ഓത്ത് പദവിയിൽ ഉള്ളവർക്ക് രാജ്യത്തെ ഏത് രേഖകളും സത്യാവാങ്മൂലവും സാക്ഷ്യപ്പെടുത്തുന്നതിനുള്ള അധികാരം ഉണ്ട്. നിലവിൽ പീസ് കമ്മീഷണർ കൂടിയാണ് തോമസ് ജോസഫ്. വർഷങ്ങൾക്ക് മുൻപാണ് ജോലി ലഭിച്ചതിനെ തുടർന്ന് അദ്ദേഹം അയർലൻഡിൽ എത്തിയത്. ഡബ്ലിനിൽ ഐടി സ്പെഷ്യലിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ലേബർ പാർട്ടിയുടെ പ്രതിനിധിയാണ് അദ്ദേഹം.

