ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. ഡൽഹിയിലെത്തിയ ഷെയ്ഖ് നഹ്യാനെ സ്വീകരിക്കാൻ പ്രധാനമന്ത്രി മോദി നേരിട്ട് വിമാനത്താവളത്തിലെത്തി. ഗുജറാത്തിൽ നിന്നുള്ള പശ്മിന ഷാളും കൊത്തുപണികളുള്ള ചെറിയ മര ഊഞ്ഞാലും നൽകിയാണ് പ്രധാനമന്ത്രി ഷെയ്ഖ് നഹ്യാനെ സ്വീകരിച്ചത്. മൂന്ന് മണിക്കൂർ നേരത്തേയ്ക്കാണ് നഹ്യാൻ ഇന്ത്യയിലേയ്ക്ക് എത്തിയത് .
ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ ഉഭയകക്ഷി വ്യാപാരം, സാംസ്കാരിക ബന്ധങ്ങൾ, പ്രാദേശിക സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വ്യാപാരവും നിക്ഷേപവുമായി ബന്ധപ്പെട്ട അഞ്ച് കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചു. 2032 ആകുമ്പോഴേക്കും 200 ബില്യൺ ഡോളറിന്റെ വ്യാപാരം കൈവരിക്കുക എന്ന ലക്ഷ്യവും ഇരു രാജ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളർ കടന്നതിലുള്ള സന്തോഷവും ഇരു രാജ്യങ്ങളും പങ്ക് വച്ചു . 2032 ആകുമ്പോഴേക്കും ഇത് ഇരട്ടിയാക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടുതൽ സാമ്പത്തിക സഹകരണത്തിന്റെ സൂചനയായി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ യുഎഇ ആസ്ഥാനമായുള്ള രണ്ട് കമ്പനികൾക്ക് ഓഫീസുകൾ തുറക്കാൻ യുഎഇ അനുമതി നൽകി.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സുരക്ഷാപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, വ്യാവസായിക സഹകരണം വികസിപ്പിക്കുന്നതിലും പ്രതിരോധ സഹകരണത്തെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന അത്യാധുനിക മ്യൂസിയം ഉൾപ്പെടുന്ന ‘ഹൗസ് ഓഫ് ഇന്ത്യ’ അബുദാബിയിൽ സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. ഇന്ത്യക്കാരുടെ താൽപ്പര്യങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളെ നരേന്ദ്രമോദി പ്രശംസിച്ചു.
അതിർത്തി കടന്നുള്ള ഭീകരതയെ ഇരുപക്ഷവും അപലപിക്കുകയും യെമനിലെയും ഗാസയിലെയും സംഭവവികാസങ്ങൾ ഉൾപ്പെടെ മേഖലയിലെ പ്രധാന ആശങ്കകൾ ചർച്ച ചെയ്യുകയും ചെയ്തു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഗണ്യമായി പുരോഗമിച്ചിട്ടുണ്ട് . ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. ഇന്ത്യ യുഎഇയിലേക്ക് 63 ബില്യൺ ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട് . സ്വതന്ത്ര വ്യാപാരത്തിനായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

