ന്യൂഡൽഹി : സൈനികനെ ആക്രമിച്ച സംഭവത്തിൽ ആറ് ടോൾ പ്ലാസ ജീവനക്കാർ അറസ്റ്റിൽ . മീററ്റ്-കർണാൽ ദേശീയപാത 709A യിലെ ഭൂനി ടോൾ പ്ലാസയിലാണ് സംഭവം . അവധി കഴിഞ്ഞ് ശ്രീനഗറിൽ ഡ്യൂട്ടിയിൽ ചേരാൻ പോകുകയായിരുന്ന കപിൽ എന്ന സൈനികനാണ് മർദ്ദനമേറ്റത് .
ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ കപിൽ തന്റെ ഫ്ലൈറ്റ് മിസാകുമെന്നും , വേഗത്തിൽ പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു . ഇതിൽ കുപിതരായ ടോൾ ജീവനക്കാർ അദ്ദേഹത്തെ തൂണിൽ കെട്ടിയിട്ട് ചവിട്ടുകയും, ഇടിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
കപിലിന്റെ രണ്ട് സഹോദരന്മാർക്കും, ബന്ധുവായ ശിവത്തിനും മർദ്ദനത്തിൽ പരിക്കേറ്റു. ടോൾ ജീവനക്കാർ കപിലിന്റെ ഐഡി കാർഡും മൊബൈൽ ഫോണും പിടിച്ചുവാങ്ങി. അദ്ദേഹത്തെ മർദ്ദിച്ചതിനൊപ്പം വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. രക്ഷപെട്ട് ഓടിയ കപിലിന്റെ സഹോദരന്മാരാണ് വിവരം പോലീസിനെയും ഗ്രാമവാസികളെയും അറിയിച്ചത്.
തുടർന്ന് ഗ്രാമവാസികൾ എത്തിയപ്പോഴേയ്ക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. കപിലിന്റെ പിതാവ് കൃഷ്ണപാൽ സരൂർപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ രോഷാകുലരായ നൂറുകണക്കിന് ഗ്രാമവാസികൾ മീററ്റ് ടോൾ പ്ലാസയിൽ തടിച്ചുകൂടി. ടോൾ പ്ലാസ നശിപ്പിക്കുകയും, ബൂത്തുകൾ തകർക്കുകയും ബൂം ബാരിയറുകൾ പിഴുതെറിയുകയും ചെയ്തു. കേസിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) കർശന നടപടി സ്വീകരിച്ചു. ടോൾ പിരിവ് ഏജൻസിക്ക് എൻഎച്ച്എഐ 20 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ, ഏജൻസിയുമായുള്ള കരാറും അവസാനിപ്പിച്ചു.

