ന്യൂഡൽഹി: പ്രധാനമന്ത്രി ശ്രീ പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിലെ പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. രാജ്യസഭയിൽ ഇക്കാര്യം വെളിപ്പെടുത്തിയ മന്ത്രി എംപിയെ അഭിനന്ദിക്കുകയും ചെയ്തു.
‘ പദ്ധതിയിലെ ധാരണാപത്രത്തിൽ കേരളം പൂർണ്ണമനസോടെ ഒപ്പിട്ടു. കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രി എന്നെ സന്ദർശിച്ച് സമ്മതം അറിയിച്ചു, പക്ഷേ പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല . സംസ്ഥാന സർക്കാരിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ കാരണം പദ്ധതി നടപ്പിലാക്കാൻ കഴിയുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ‘ – ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ അവതരിപ്പിച്ച വിദ്യാഭ്യാസ പദ്ധതിയായ പ്രധാനമന്ത്രി ശ്രീ നടപ്പിലാക്കുന്നതിന് കേരളം തുടക്കം മുതൽ തന്നെ എതിരായിരുന്നു. എന്നാൽ, ഒക്ടോബറിൽ , ഘടക കക്ഷികളുടെ അറിവില്ലാതെ പ്രധാനമന്ത്രി ശ്രീയിൽ ചേരുന്നതായി കേരള സർക്കാർ അറിയിച്ചു. പിന്നീട് സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കടുത്ത എതിർപ്പ് ഉന്നയിച്ചപ്പോൾ, പദ്ധതിയിൽ നിന്ന് പിന്മാറുന്നതായും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാരിന് കത്തും അയച്ചു.

