ന്യൂഡൽഹി : രാജ്യത്ത് ശക്തമായി സ്വദേശി വികാരം . ഇന്ത്യയ്ക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതുമുതൽ ഇന്ത്യയിൽ യുഎസ് വിരുദ്ധ വികാരം ആരംഭിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. നിലവിൽ പെപ്സി, കൊക്കകോള, സബ്വേ, കെഎഫ്സി, മക്ഡൊണാൾഡ്സ് തുടങ്ങിയ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ ബഹിഷ്കരിക്കപ്പെടുമെന്ന ഭീഷണി നേരിടുകയാണ്.
ട്രംപ് ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്തിയതിൽ പ്രതിഷേധിച്ച് എല്ലാ അമേരിക്കൻ ഉൽപ്പന്നങ്ങളും ബഹിഷ്കരിക്കാൻ യോഗ ഗുരു രാംദേവ് ആഹ്വാനം ചെയ്തു . “പെപ്സി, കൊക്കകോള, സബ്വേ, കെഎഫ്സി, മക്ഡൊണാൾഡ്സ് എന്നിവയുടെ കൗണ്ടറുകളിൽ ഒരു ഇന്ത്യക്കാരനെ പോലും കാണരുത്. അത്രയും വലിയ ബഹിഷ്കരണം ഉണ്ടാകണം ഇത് സംഭവിച്ചാൽ, അമേരിക്കയിൽ കുഴപ്പങ്ങൾ ഉടലെടുക്കും.” ഗുരു രാംദേവ് പറഞ്ഞു.
ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ തുടങ്ങിയ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇതിനകം തന്നെ അമേരിക്കൻ വിരുദ്ധ ബഹിഷ്കരണങ്ങൾ നടക്കുന്നുണ്ട്. 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യ യുഎസ് കമ്പനികളെ ബഹിഷ്കരിക്കുന്നത് വൻ നഷ്ടങ്ങൾക്കും ഗുരുതരമായ വെല്ലുവിളികൾക്കും കാരണമാകും.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വദേശി ഉത്പ്പന്നങ്ങൾ പ്രോത്സാഹിപ്പക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. “ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും, ഏതൊരു രാഷ്ട്രീയ പാർട്ടിയും, ഏതൊരു നേതാവും, രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി സംസാരിക്കുകയും ‘സ്വദേശി’ വാങ്ങാൻ ദൃഢനിശ്ചയം ചെയ്യുകയും, ജനങ്ങളിൽ ആഗ്രഹം വളർത്തിയെടുക്കുകയും വേണമെന്നും “ അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും വാങ്ങാൻ നമ്മൾ തീരുമാനിക്കുമ്പോൾ, ഒരു മാനദണ്ഡം മാത്രമേ ഉണ്ടാകാവൂ . ഒരു ഇന്ത്യക്കാരൻ വിയർപ്പോടെ ഉണ്ടാക്കുന്ന വസ്തുക്കൾ നമ്മൾ വാങ്ങാൻ പോകുന്നു. ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകൾ ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങളുടെ വിയർപ്പ് ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങൾ നിർമ്മിച്ച എന്തും നമുക്ക് ‘സ്വദേശി’യാണ്. ‘പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം’ എന്ന മന്ത്രം നമ്മൾ സ്വീകരിക്കേണ്ടിവരും,” അദ്ദേഹം പറഞ്ഞു.

