ന്യൂഡൽഹി : ദേശീയ തലസ്ഥാനത്തെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ സ്ത്രീ ജീവനക്കാരെ അനുവദിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത . ജോലിസ്ഥലത്ത് ലിംഗസമത്വത്തിനായുള്ള, വളരെക്കാലമായി കാത്തിരുന്ന ഒരു നടപടിയാണിതെന്ന് അവർ പറഞ്ഞു.
‘ രാത്രി 9 മുതൽ രാവിലെ 7 വരെ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. ഞങ്ങൾ അത് റദ്ദാക്കി. ഇപ്പോൾ സ്ത്രീകൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാം. ‘ – രേഖ ഗുപ്ത പറഞ്ഞു.
ലെഫ്റ്റനന്റ് ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ഔപചാരികമാക്കിയ തീരുമാനം, 1954 ലെ ഡൽഹി ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിന് കീഴിലുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതാണ് . ജൂലൈയിൽ മുഖ്യമന്ത്രി രേഖ ഗുപ്ത നടത്തിയ പ്രഖ്യാപനമാണിപ്പോൾ തൊഴിൽ വകുപ്പ് ഔദ്യോഗികമായി നടപ്പാക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം, മദ്യശാലകൾ ഒഴികെയുള്ള എല്ലാ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും, എല്ലാ നിർദ്ദിഷ്ട സുരക്ഷ, ക്ഷേമം, തൊഴിൽ നിയമ വ്യവസ്ഥകൾ എന്നിവ പാലിച്ചാൽ, രാത്രി സമയങ്ങളിൽ സ്ത്രീകളെ ജോലിക്കെടുക്കാം.
വിജ്ഞാപനമനുസരിച്ച്, ഒരു ജീവനക്കാരനും ഒരു ദിവസം ഒമ്പത് മണിക്കൂറിൽ കൂടുതൽ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടിവരില്ല. ഇടവേളയില്ലാതെ അഞ്ച് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട് . ഒരു സ്ത്രീയെയും രാത്രി ഷിഫ്റ്റുകളിൽ മാത്രം ജോലി ചെയ്യാൻ നിർബന്ധിക്കരുത്.
സുരക്ഷിതമായ ഗതാഗതം, മതിയായ സുരക്ഷാ ക്രമീകരണങ്ങൾ, രാത്രി ഷിഫ്റ്റ് ജീവനക്കാർക്ക് സിസിടിവി കവറേജ് എന്നിവ തൊഴിലുടമകൾ ഉറപ്പാക്കേണ്ടതുണ്ട്. സിസിടിവി ദൃശ്യങ്ങൾ കുറഞ്ഞത് ഒരു മാസമെങ്കിലും സൂക്ഷിക്കുകയും അധികാരികൾ ആവശ്യപ്പെടുമ്പോൾ ഹാജരാക്കുകയും വേണം.ഓവർടൈം ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ പതിവ് വേതനത്തിൻ്റെ ഇരട്ടി ലഭിക്കും. ദേശീയ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി വേതനവും മറ്റൊരു ദിനത്തിൽ അവധിയും നൽകണം. – എന്നിങ്ങനെയാണ് പുതിയ നിർദേശങ്ങൾ.
എല്ലാ തൊഴിലാളികൾക്കും പ്രോവിഡൻ്റ് ഫണ്ട് (പിഎഫ്), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഐഎസ്ഐ), ബോണസ്, അവധി ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതും തൊഴിലുടമകളുടെ ഉത്തരവാദിത്തവുമാണ്.
കൂടാതെ, 2013-ലെ സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം അനുസരിച്ച് ഓരോ സ്ഥാപനവും ഒരു ഇൻ്റേണൽ കംപ്ലയിൻറ്സ് കമ്മിറ്റി (ഐസിസി) രൂപീകരിക്കണം. രാത്രി ഷിഫ്റ്റുകളിൽ നിയമിക്കുന്നതിന് മുമ്പ് സ്ത്രീ ജീവനക്കാരുടെ മുൻകൂർ സമ്മതവും നിർബന്ധമാണ്.

