ശ്രീനഗർ : ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു . മുരളി നായിക് ആണ് മരിച്ചത് . ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ല ഗൊറാന്റ്ല മണ്ഡലത്തിലെ കല്ലി തണ്ട ഗ്രാമവാസിയാണ് 27 കാരനായ നായിക് . ഓപ്പറേഷൻ സിന്ദൂരിനു കീഴിൽ പാകിസ്ഥാനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണങ്ങളെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലായിരുന്നു ആക്രമണം.
ഉറിക്ക് സമീപം ഡ്യൂട്ടിയിലിരിക്കെയാണ് ഷെല്ലാക്രമണങ്ങളിൽ ഗുരുതരമായി അദ്ദേഹത്തിന് പരിക്കേറ്റത്. അടിയന്തര ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിനുമുൻപേ തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു.മാതാപിതാക്കൾ ഇരുവരും കാർഷിക തൊഴിലാളികളാണ്. മുരളി ഏക മകനായിരുന്നു. ഭൗതികശരീരം ഇന്ന് ജന്മനാട്ടിൽ എത്തിക്കുമെന്നാണ് സൂചന.

